മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഇത്തവണ മത്സരം കടുക്കും. സുഹൃത്തുക്കള്‍ തമ്മില്‍ കടുത്ത പോരാട്ടം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ള ഡോ. മാത്യു കുഴല്‍നാടനും ട്വന്റി- ട്വന്റി സ്ഥാനാര്‍ത്ഥി പ്രമുഖ മാധ്യമ പ്രവര്ത്തകന് സിഎന്‍ പ്രകാശനും ഇപ്പോഴത്തെ എംഎല്‍എ എല്‍ദോ എബ്രാഹമും സുഹൃത്തുക്കള്‍. പര്യടനത്തിനിടയില്‍ സ്ഥാനാര്‍ത്ഥികളായ സുഹൃത്തുക്കളുടെ അപ്രതീക്ഷിത കൂടിക്കാഴച.
കോണ്‍ഗ്രസ്സ് പാര്‍ട്ടി ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കാണുവാന്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി പ്രകാശനും മാത്യു കുഴല്‍നാടനും കണ്ടത്. പ്രകാശന് മാത്യുവുമായി വര്‍ഷങ്ങളുടെ അടുത്ത ബന്ധമുണ്ട്. ഇന്‍ഡ്യാ വിഷന്റെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ആയിരിക്കെ ന്യൂസ് നൈറ്റിലൂടെയാണ് പ്രകാശും മാത്യുവും ഏറെ അടുക്കുന്നത്. നാട്ടുകാര്‍ ആയതു കൊണ്ടു ബന്ധം കൂടുതല്‍ ഊഷ്മളമാകുകയും ആയിരുന്നു.
മാധ്യമ പ്രവര്ത്തകന് എന്ന നിലയില്‍ മാത്യുവുമായി യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹിയായിരിക്കെ പ്രകാശന് സൗഹൃദമുണ്ട്. ഇന്ത്യാവിഷനിലടക്കം ടി.വി. ചര്‍ച്ചകളില്‍ പ്രകാശ് അവതാരകനായും മാത്യു കുഴല്നാടന് രാഷ്ട്രീയ വിശകലനത്തിനായും നിരവധി തവണ ചാനലില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം എല്‍ദോ എബ്രാഹാവും പ്രകാശനും ഒരേ പഞ്ചായത്തായ പായിപ്രയിലെ തൃക്കളത്തുരാണ് താമസം. സ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ അടുത്ത് പ്രവര്‍ത്തിച്ചവരുമാണ്. എന്‍എസ്എസ് ഹൈസ്കൂള്‍ ജംഗ്ഷനില്‍ വച്ച് സ്വകാര്യ സന്ദര്‍ശനത്തിനിടയിലാണ് രണ്ടു പേരും കണ്ടുമുട്ടിയത്.
സുഹൃത്തുക്കള്‍ തമ്മിലാണ് യഥാര്‍ത്ഥത്തില്‍ മൂവാറ്റുപുഴയില്‍ മത്സരം. ആരോഗ്യകരമായ സൗഹൃദ രാഷ്ട്രീയ സംസ്കാരം ഉയര്‍ത്തിപ്പിടിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളുടെ മത്സരമെന്ന് പ്രതീക്ഷിക്കാം.


