ഗവണ്മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കെഎസ്യുവില് പടയൊരുക്കം. വി ഡി സതീശന് പ്രതിപക്ഷ നേതാവായിരിക്കുമ്പോഴുള്ള ഒരു അനുഭവം പങ്കുവച്ച് മുന്‍ കെഎസ്യു ഭാരവാഹി വി ഡി സതീശനെതിരെ വിമര്‍ശനം കടുപ്പിക്കുകയാണ്. തൊടുപുഴ കോര്‍പ്പറേറ്റീവ് ലോ കോളേജ് മുന്‍ ഭാരവാഹി അഡ്വ.റൊസാരിയോ ടോമിന്റേതാണ് പ്രതികരണം. വി ഡി സതീശന് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് എത്ര വില കൊടുക്കുന്നുവെന്ന് കെഎസ്യുക്കാര്‍ക്ക് പണ്ടേ അറിയാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക് പോസ്റ്റ്.
സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തിലുള്‍പ്പെടെ കെഎസ്യു വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ കെഎസ്യു യൂണിറ്റ് കമ്മിറ്റിക്ക് എന്ത് കാര്യമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന് ചോദിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് അഡ്വ. റൊസാരിയോയുടെ പോസ്റ്റ് വന്നിരിക്കുന്നത്. കെഎസ്യു പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്ത സമയത്ത് പ്രശ്നപരിഹാരത്തിന് വി ഡി സതീശന് ആത്മാര്‍ഥതയോടെ ഇടപെട്ടില്ലെന്ന ഒരു അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്.
വി ഡി സതീശന് പ്രതിപക്ഷ നേതാവായിരിക്കുമ്പോള് ഒരു സമരത്തിന്റെ പേരില്‍ കെഎസ്യു പ്രവര്‍ത്തകരെ 14 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. വി ഡി സതീശന് പ്രിന്‍സിപ്പലിനെ വിളിച്ചെങ്കിലും മാനേജ്മെന്റ് ഒരു തുടര്‍ നടപടിയും എടുത്തില്ല. പിന്നീട് പ്രാദേശിക നേതൃത്വം ശക്തമായി ഇടപെട്ടപ്പോഴാണ് പ്രശ്നം പരിഹരിച്ചത്. പ്രശ്നം തീര്‍ക്കാനുള്ള ആത്മാര്‍ഥമായ ഇടപെടലിനേക്കാള്‍ ഞാന്‍ ശ്രമിച്ചു എന്ന് കാണിക്കാനുള്ള ഔപചാരിക ഫോണ്‍ കോള്‍ മാത്രമാണ് വി ഡി സതീശന് ചെയ്തതെന്നും പോസ്റ്റിലൂടെ റൊസാരിയോ കുറ്റപ്പെടുത്തി.


