മൂവാറ്റുപുഴ :പായിപ്ര കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി. മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്റെ പരിധി വർധിക്കുകയും നിയമ-സമാധാന വെല്ലുവിളികൾ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ സ്റ്റേഷൻ അനിവാര്യമാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടിയത്.
1982-ൽ നിശ്ചയിച്ചതാണ് മൂവാറ്റുപുഴ സ്റ്റേഷന്റെ ഇപ്പോഴത്തെ പരിധി. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഈ മേഖലയിൽ ജനസംഖ്യയിലും വാഹനങ്ങളിലും വ്യവസായങ്ങളിലും വൻ വർധനയുണ്ടായി. ഏകദേശം 1.30 ലക്ഷം ജനങ്ങളും 135 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുമുള്ള പ്രദേശം ഒറ്റ സ്റ്റേഷന്റെ പരിധിയിൽ വരുന്നത് സേവനങ്ങളെ ബാധിക്കുന്നുണ്ടെന്നും നിവേദനത്തിൽ പറയുന്നു. എറണാകുളം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നാണ് പായിപ്ര. നിരവധി വ്യവസായ സ്ഥാപനങ്ങൾ, ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ, വിദ്യാഭ്യാസ-വാണിജ്യ കേന്ദ്രങ്ങൾ എന്നിവയുള്ളതിനാൽ ഈ മേഖല പ്രത്യേക ശ്രദ്ധ അർഹിക്കുന്നതാണ്. നിലവിൽ മൂവാറ്റുപുഴ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ നല്ലൊരു പങ്കും പായിപ്ര മേഖലയുമായി ബന്ധപ്പെട്ടതാണെന്നും എംഎൽഎ വ്യക്തമാക്കി.
ദൂരപരിധിയും ഗതാഗതക്കുരുക്കും കാരണം ഉൾപ്രദേശങ്ങളിലും അതിർത്തി പ്രദേശങ്ങളിലും സമയബന്ധിതമായി എത്തിച്ചേരാൻ നിലവിലെ സ്റ്റേഷനിൽ നിന്ന് ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. പുതിയ സ്റ്റേഷന് താൽക്കാലിക കെട്ടിട സൗകര്യവും സ്ഥിരം കെട്ടിടത്തിന് സർക്കാർ ഭൂമിയും ലഭ്യമാണെന്നതും നിർദ്ദേശത്തിന്റെ പ്രായോഗികത വർധിപ്പിക്കുന്നതായി എംഎൽഎ പറഞ്ഞു. മൂവാറ്റുപുഴ സ്റ്റേഷന്റെ ഭാരം കുറയ്ക്കുന്നതിനും പൊതുജനങ്ങൾക്ക് വേഗത്തിലും കാര്യക്ഷമമായും പോലീസ് സേവനം ലഭ്യമാക്കുന്നതിനും ജനസുരക്ഷ ശക്തിപ്പെടുത്തുന്നതിനും പായിപ്രയിൽ പുതിയ പോലീസ് സ്റ്റേഷൻ അനിവാര്യമാണെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.


