മുവാറ്റുപുഴ: പുതിയ ജില്ലകള്‍ രൂപീകരിക്കുമെന്ന സംസ്ഥാന ബജറ്റ് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ മുവാറ്റുപുഴയ്ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് നഗരസഭയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി-സംഘടനാ സംയുക്തയോഗം ചേര്‍ന്നു. ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ച യോഗം ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
ചരിത്രവും അനുയോജ്യതയും
1970-കള്‍ മുതല്‍ ഉയരുന്ന ആവശ്യമാണ് മുവാറ്റുപുഴ ജില്ല. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ സംഗമഭൂമിയായ മുവാറ്റുപുഴ ഭൂമിശാസ്ത്രപരമായും ഭരണപരമായും ചരിത്രപരമായും പുതിയ ജില്ലയ്ക്ക് ഏറ്റവും അനുയോജ്യമാണ്. ജില്ലാ കോടതി, സബ് ട്രഷറി, ആര്.ടി.ഒ., താലൂക്ക് ആസ്ഥാനം, മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള അത്യാധുനിക ആശുപത്രികള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ദേശീയപാത ഉള്‍പ്പെടെ മികച്ച ഗതാഗത സൗകര്യം എന്നിവയാല്‍ പതിറ്റാണ്ടുകളായി മധ്യകേരളത്തിന്റെ സേവന തലസ്ഥാനമാണ് മുവാറ്റുപുഴ. മൂന്ന് ജില്ലകളിലെയും ജനങ്ങള്‍ എല്ലാ ആവശ്യങ്ങള്‍ക്കും ആശ്രയിക്കുന്ന നഗരം കൂടിയാണിത്.
തുടര്‍നടപടികള്‍
മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിക്കും സമര്‍പ്പിക്കാനുള്ള നിവേദനത്തിന് യോഗം അംഗീകാരം നല്കി. നഗരസഭാ കൗണ്‍സില്‍ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയവും നിവേദനത്തോടൊപ്പം കൈമാറും. ജില്ലാ രൂപീകരണത്തിനായുള്ള ജനകീയ പ്രചാരണവും ഇടപെടലുകളും കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചു. മുവാറ്റുപുഴ ജില്ല ക്യാമ്പയിന് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. കണ്‍വീനര്‍ എല്‍ദോ ബാബു വട്ടക്കാവന് ജില്ലാ രൂപീകരണത്തിന്റെ അനിവാര്യതയും തുടര്‍പദ്ധതികളും വിശദീകരിച്ചു. വിഷയം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ശക്തമായി അവതരിപ്പിക്കുമെന്നും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും എം.പി. ഡീന്‍ കുര്യാക്കോസ് ഉറപ്പുനല്‍കി.
പങ്കാളിത്തം
വൈസ് ചെയര്‍പേഴ്സണ്‍ പി.എം. അബ്ദുള്‍ സലാം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ജിനു മടേക്കന്‍, രജിത പി., കൗണ്‍സിലര്‍മാരായ മജീദ് മങ്ങാടന്‍, മനോജ് ജി. എന്നിവര്‍ സംസാരിച്ചു. മര്‍ച്ചന്റ്സ് അസോസിയേഷന്, ബി.എ.ഐ., വൈ.എം.സി.എ., ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്, ശ്രീമൂലം ക്ലബ്, എം.ഡി.എ., ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്, ഐ.എം.എ. തുടങ്ങി 20-ലേറെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-വ്യാപാര-വ്യവസായ-യുവജന-സന്നദ്ധ സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്ത് മുവാറ്റുപുഴ ജില്ലാ ആവശ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.


