മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ ഒ.പി. ടിക്കറ്റിനായി മണിക്കൂറുകള്‍ ക്യൂ നിന്നിരുന്ന രോഗികള്‍ക്ക് ആശ്വാസം. നഗരസഭയുടെ നേതൃത്വത്തില്‍ ആധുനിക ഒ.പി. ടോക്കണ്‍ സംവിധാനം പ്രവര്‍ത്തനം തുടങ്ങി. ഇനി ടോക്കണെടുത്ത് നമ്പര്‍ വരുന്നത് വരെ ഇരുന്ന് കാത്തിരുന്നാല്‍ മതി. രോഗികളുടെ തിരക്ക് കുറയ്ക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ടോക്കണ്‍ ഡിസ്പെന്‍സറുകള്‍ സ്ഥാപിച്ചു. 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേകമായി ഒരു ടോക്കണ്‍ ഡിസ്പെന്‍സറും ഒരുക്കിയിട്ടുണ്ട്. ഇതോടെ പ്രായമായവര്‍ക്ക് കൂടുതല്‍ വേഗത്തില്‍ സേവനം ലഭിക്കും. ആകെ മൂന്ന് ടോക്കണ്‍ ഡിസ്പെന്‍സറുകളാണ് ആശുപത്രിയിലുള്ളത്.
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കാത്തിരിക്കാന്‍ കൂടുതല്‍ ഇരിപ്പിടങ്ങളും നഗരസഭ സജ്ജമാക്കിയിട്ടുണ്ട്. നീണ്ട ക്യൂവും തിരക്കും ഒഴിവായതോടെ ആശുപത്രിയിലെത്തുന്നവര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയിസ് മേരി ആന്റണി ആദ്യ ഒ.പി. ടിക്കറ്റ് സ്വീകരിച്ച് ടോക്കണ്‍ സംവിധാനം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ അബ്ദുല്‍ സലാം അധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് സി.എം. ഷുക്കൂര്‍, വാര്‍ഡ് കൗണ്‍സിലര്‍ ശീത റാണി തോമസ്, ആശുപത്രി സൂപ്രണ്ട്, ഡോക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.



