കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടേഴ്സ് ഇല്ലെന്ന വാർത്തയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. കണ്ണൂരിൽ മാത്രമല്ല കേരളത്തിലാകെ ഡോക്ടേഴ്സിന്റെ പ്രതിസന്ധി ഉണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
120 ഓളം തസ്തികകളാണ് ജില്ലയിൽ ഒഴിഞ്ഞു കിടക്കുന്നത്. ഇരിട്ടി , കൂത്തുപറമ്പ് താലൂക്ക് ആശുപത്രികൾക്ക് പുറമെ, കല്യാശേരി എഫ് എച്ച് സി, മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുടങ്ങി കണ്ണൂരിലെ പ്രധാന സ്ഥാപനങ്ങളിലെല്ലാം ജനറൽ , സ്പെഷ്യാലിറ്റി കേഡറുകൾ ഒഴിഞ്ഞു കിടക്കുകയാണ്.
വർഷങ്ങൾക്ക് മുമ്പുള്ള സ്റ്റാഫ് പാറ്റേൺ പോലും അപ്രായോഗികമായി മാറിയതിന് പുറമേ കൂട്ടത്തോടെ ഒഴിവുകൾ വന്നതോടെ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. തസ്തികകൾ നികത്താത്തതോടെ നിലവിലുള്ള ഡോക്ടർമാരുടെ ജോലിഭാരം ഇരട്ടിയായി. ഇത് മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളെയും ദൈനംദിന ചികിത്സകളെയും ബാധിച്ചു. സ്ഥിതി ഗുരുതരമാകുന്നതിന് മുന്നെ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കെജിഎംഒഎയുടെ ആവശ്യം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കെജിഎംഒഎ ജില്ലാ കമ്മിറ്റിയുടെ തീരുമാനം.


