മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ മുൻ കൗൺസിലറും യൂത്ത് കോൺഗ്രസ് നേതാവുമായ കടാതി കാർത്തുള്ളിൽ അമൽ ബാബു (33) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ കൗൺസിലിൽ കടാതി വാർഡിൽ നിന്നുള്ള കൗൺസിലറായിരുന്നു അമൽ ബാബു. യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് വൈസ് പ്രസിഡന്റും കോൺഗ്രസിന്റെ വിവിധ പോഷക സംഘടനകളുടെ ഭാരവാഹിയുമായി പ്രവർത്തിച്ചുവരികയായിരുന്നു.
അകാല വിയോഗ വാർത്തയറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്. ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്, മൂവാറ്റുപുഴ എം.എൽ.എ. ഡോ. മാത്യു കുഴൽനാടൻ, നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, കൗൺസിലർമാർ, മുൻ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. സംസ്കാരം ശനിയാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും. മാതാവ്: ഗിരിജ. സഹോദരി: അമൃത. അമൽ ബാബുവിന്റെ അകാല വിയോഗം മൂവാറ്റുപുഴയിലെ രാഷ്ട്രീയ-പൊതുമണ്ഡലത്തിൽ വലിയ നഷ്ടമാണെന്ന് നേതാക്കൾ അനുശോചിച്ചു.


