മൂവാറ്റുപുഴ: കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍നവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ മൂവാറ്റുപുഴ ജനറല്‍ ഹോസ്പിറ്റലിലെ മുനിസിപ്പല്‍ പേവാര്‍ഡ് തുറന്നു കൊടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി. ദിവസേന നൂറുകണക്കിന് രോഗികളാണ് കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ മൂവാറ്റുപുഴ ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചേരുന്നത്.
എന്നാല്‍ രോഗികള്‍ക്ക് കിടക്കാന്‍ സാഹചര്യം ലഭിക്കാത്ത അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മുനിസിപ്പല്‍ ഭരണ സമിതിയുടെ സമയത്ത് മുനിസിപ്പല്‍ പേവാര്‍ഡ് കോംപ്ലക്സ് എല്ലാവിധ സൗകര്യങ്ങളോടെയും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതാണ്. ഓക്സിജന്‍, വെന്റിലേറ്റര്‍ സൗകര്യം അടക്കം പേവാര്‍ഡ് കോംപ്ലക്സില്‍ അന്നത്തെ ഭരണസമിതി ഒരുക്കി. എന്നാല്‍ കഴിഞ്ഞ ആറു മാസമായി ഒരു തരത്തിലുള്ള മെയിന്റനന്‍സും നടത്താതെ അടച്ചിട്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.
എല്ലാവിധ സൗകര്യങ്ങളും ഹോസ്പിറ്റലില്‍ ഉണ്ടായിരിക്കെ പേവാര്‍ഡ് കോംപ്ലക്സ് അടച്ചിട്ടിരിക്കുന്ന മുനിസിപ്പല്‍ ഭരണ സമിതിയുടെയും മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെയും നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ജനങ്ങളെ സ്വകാര്യ ആശുപത്രികളിലേക്ക് തള്ളിവിട്ട് സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരം സൃഷ്ടിക്കുകയാണോ മുനിസിപ്പല്‍ ഭരണസമിതിയും എംഎല്‍എയും ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കണം.
അടിയന്തരമായി ഈ സാഹചര്യത്തില്‍ മുനിസിപ്പല്‍ ഭരണ സമിതി പേവാര്‍ഡ് കോംപ്ലക്സ് രോഗികള്‍ക്ക് തുറന്നു കൊടുക്കണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.


