പെരുമ്പാവൂര്‍: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിന് 427.45 കോടി രൂപയുടെ 29 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി മനോജ് മൂത്തേടന് എംഎല്‍എ അറിയിച്ചു. എംഎല്‍എ സമര്‍പ്പിച്ച 29 പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. പെരുമ്പാവൂര്‍ ടൗണ്‍ ബൈപ്പാസ് അണ്ടര്‍ പാസേജ് & ഫ്ലൈ ഓവറിന് 100 കോടി, പാലക്കാട്ടുതാഴം-വല്ലം മിനി ബൈപ്പാസിന് 60 കോടി, ഓടക്കാലി പുല്‍തൈല ഗവേഷണ കേന്ദ്രം പുതിയ കെട്ടിടത്തിന് 48 കോടി, മിനി സിവില്‍ സ്റ്റേഷന് അനെക്സിന് 46 കോടി, റയോണ്‍സ് ഇന്‍ഫോപാര്‍ക്കിന് 38 കോടി, വല്ലം ജംഗ്ഷന് വിപുലീകരണം & ഫ്ലൈ ഓവറിന് 20 കോടി എന്നിങ്ങനെയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കുറുപ്പംപടി-പാണംകുഴി റോഡിന് 5 കോടി, പെരുമ്പാവൂര്‍-റയോണ്‍പുരം റോഡിന് 4 കോടി, വല്ലം-പാണംകുഴി റോഡിന് 7.5 കോടി, കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് നവീകരണത്തിന് 3 കോടി, കുറുപ്പംപടി ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിന് 5 കോടി, പോളി ടെക്നിക് സ്റ്റേഡിയത്തിന് 3 കോടി, റീജിയണല്‍ പൗള്‍ട്ടറി ഫാം കൂവപ്പടി ആധുനികവത്കരണത്തിന് 14.5 കോടി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് നവീകരണത്തിന് 12.5 കോടി എന്നിവയും ബജറ്റില്‍ ഉള്‍പ്പെടുന്നു. 4 പദ്ധതികള്‍ക്ക് അടങ്കല്‍ തുകയുടെ 20 ശതമാനവും ബാക്കി 25 പദ്ധതികള്‍ക്ക് ടോക്കണ്‍ തുകയുമാണ് വകയിരുത്തിയത്. പെരുമ്പാവൂരിന്റെ തടി വ്യവസായത്തിന് ഊര്‍ജ്ജം നല്കുന്ന ഗ്ലോബല്‍ ഫര്‍ണിച്ചര്‍ ഹബ്ബിനും ബജറ്റില്‍ തുക നീക്കിവെച്ചതായി എംഎല്‍എ പറഞ്ഞു. മണ്ഡലത്തിന് പ്രത്യേക പരിഗണന നല്കിയ മുഖ്യമന്ത്രിക്ക് പെരുമ്പാവൂര്‍ ജനതയുടെ നന്ദി അറിയിക്കുന്നതായും മനോജ് മൂത്തേടന് കൂട്ടിച്ചേര്‍ത്തു.


