മൂവാറ്റുപുഴ: യു.ഡി.എഫ് സര്‍ക്കാരിന്റെ സംസ്ഥാന ബജറ്റില്‍ ജില്ലയുടെ കിഴക്കന്‍ മേഖലയുടെ വികസനത്തിന് ഉതകുന്ന പുതിയ പദ്ധതികള്‍ ഒന്നുമില്ലെന്ന് മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ പദ്ധതികളല്ലാതെ, മാറിവന്ന സര്‍ക്കാര്‍ നാടിനാവശ്യമായ പുതിയ പദ്ധതികള്ക്കൊന്നിനും തുക വകയിരുത്തിയിട്ടില്ലെന്നും കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി കര്‍ഷകരെ സഹായിക്കാന്‍ ഉതകുന്ന പ്രോജക്ടുകള്‍ക്ക് വേണ്ടി ജില്ലയിലെ യു.ഡി.എഫ് എം.എ.ല്‍.എമാര്‍ ഒരു ശ്രമവും നടത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒന്നാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ പദ്ധതികള്‍ മാത്രമാണ് ഇപ്പോഴും മൂവാറ്റുപുഴയിലെ വികസന പ്രവര്‍ത്തനങ്ങളായി എം.എല്‍.എയ്ക്കും ഇതര ജനപ്രതിനിധികള്‍ക്കും ജനങ്ങളോട് വിശദീകരിക്കാനുള്ളതെന്നും, കഴിഞ്ഞ ബജറ്റുകളില്‍ തുക വകയിരുത്തിയ പദ്ധതികളുടെ ആവര്‍ത്തനം മാത്രമാണ് ഈ ബജറ്റിലും പ്രകടമാകുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
മേഖലയിലെ പ്രധാനപ്പെട്ട പല ജനകീയ ആവശ്യങ്ങളും ബജറ്റില്‍ വെറും കടലാസിലൊതുങ്ങിയതായി എല്‍ദോ എബ്രഹാം പറഞ്ഞു. മൂവാറ്റുപുഴയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയുന്ന വിധത്തിലുള്ള റിംഗ് റോഡുകള്‍, ജനറല്‍ ആശുപത്രിയുടെ വികസനം, വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, ടൂറിസം പദ്ധതികള്‍, ഇ.ഇ.സി (EEC) മാര്‍ക്കറ്റ് വികസനം, ഗ്രാമീണ റോഡുകളുടെ നവീകരണം തുടങ്ങിയവയെല്ലാം ബജറ്റില്‍ അവഗണിക്കപ്പെട്ടു. നിയോജക മണ്ഡലത്തിലെ നഗരസഭയും 10 ഗ്രാമപഞ്ചായത്തുകളും ഈ ബജറ്റില്‍ പരിപൂര്‍ണ്ണമായി ഒഴിവാക്കപ്പെട്ടതായും മൂവാറ്റുപുഴയില്‍ മാറാടി പഞ്ചായത്തിലെ രണ്ട് റോഡുകള്‍ക്ക് വേണ്ടി ഒന്‍പത് കോടി രൂപ അനുവദിച്ചത് മാത്രമാണ് ഈ ബജറ്റിലെ ഏക ആശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് നേതൃത്വം ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളിലെ ഒരു പദ്ധതിക്ക് പോലും അംഗീകാരം വാങ്ങിയെടുക്കാന്‍ നിലവിലെ എം.എല്‍.എയ്ക്കായില്ലെന്നും മുന്‍ എം.എല്‍.എ കുറ്റപ്പെടുത്തി.


