കോതമംഗലം: സംസ്ഥാന ബജറ്റിൽ കോതമംഗലം നിയോജക മണ്ഡലത്തിന് വൻ വികസന നേട്ടം. വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി അനുവദിച്ച തുകയും ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം പദ്ധതിയുടെ പ്രഖ്യാപനവും ഉൾപ്പെടെ 572 കോടിയിലധികം രൂപയുടെ വികസന കാഴ്ചപ്പാടാണ് ഇത്തവണത്തെ ബജറ്റിൽ കോതമംഗലത്തിനായി അവതരിപ്പിച്ചിരിക്കുന്നത്. ബജറ്റ് അവതരണ വേളയിൽ ബജറ്റ് പ്രസംഗത്തിൽ തന്നെ പ്രത്യേകം പരാമർശിക്കപ്പെട്ട ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം പദ്ധതിയാണ് ശ്രദ്ധേയമായ പ്രഖ്യാപനം. ഏകദേശം 300 കോടി രൂപ ചെലവിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ പ്രാഥമിക നടപടികൾക്കായി 21 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ കായിക മേഖലയ്ക്ക് പുതിയ ഊർജം പകരുന്നതിനൊപ്പം കോതമംഗലത്തെ ദേശീയ-അന്തർദേശീയ കായിക ഭൂപടത്തിൽ ശ്രദ്ധേയ കേന്ദ്രമാക്കാൻ കഴിയുന്ന പദ്ധതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഹിൽ ഹൈവേ ചേറങ്ങനാൽ–നേര്യമംഗലം, എം.എ. കോളേജ്–തങ്കളം റോഡ്, അടിവാട് പാലം പുനർനിർമാണം, ചാത്തമറ്റം–ഊരംകുഴി റോഡ്, വടാശ്ശേരി–തോളേലി–ഉപ്പുകണ്ടം–ചേലക്കാപ്പിള്ളി റോഡ്, പരീക്കണ്ണി–ഉപ്പുകുഴി–മാവുടി റോഡ്, കവളങ്ങാട്–പരീക്കണ്ണി റോഡ്, വാരപ്പെട്ടി–എട്ടാംമൈൽ–കണിയാംകുടി കടവ് റിവർ റോഡ്, പുലിമല പാലം, കുട്ടമ്പുഴ–പിണവൂർകുടി–ആനന്ദൻകുടി റോഡ്, ബംഗ്ലാവ് കടവ് പുതിയ പാലം, നെല്ലിമറ്റം ഉപ്പുംകുളം റോഡ്, ബ്ലാവന–കല്ലേലിമേട് പാലം, വായനശാലപ്പടി–വലിയപാറ–കാട്ടാട്ടുകുളം–നെല്ലിമറ്റം റോഡ്, ചേലാട് പോളിടെക്നിക്കിന്റെ പുതിയ അക്കാദമിക് ബ്ലോക്ക്, കോതമംഗലം–പെരുമ്പൻകുത്ത് റോഡ്, കോതമംഗലം ന്യൂ ബൈപ്പാസ്, നെല്ലിക്കുഴി കിംസ് റോഡ് രണ്ടാംഘട്ടം, തൃക്കാരിയൂർ ഗവ. എൽ.പി. സ്കൂൾ വികസനം, മലയോര ഹൈവേ, ആലുവ–മൂന്നാർ റോഡ്, നേര്യമംഗലം ഫയർ സ്റ്റേഷൻ, കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഓഫീസ്, തലക്കോട്–മുള്ളിരിങ്ങാട് റോഡ്, ഇഞ്ചത്തൊട്ടി പാലം, തങ്കളം–കാക്കനാട് റോഡ്, നേര്യമംഗലം–ഇഞ്ചത്തൊട്ടി റോഡ്, ഇലവുംപറമ്പ്–നാടുകാണി റോഡ്, ചേലാട് ചെമ്മീൻകുത്ത് റോഡ്, കോതമംഗലം പോലീസ് ക്വാർട്ടേഴ്സ് എന്നിവ ഉൾപ്പെടെയുള്ള നിരവധി വികസന പദ്ധതികൾക്കാണ് ബജറ്റിൽ ധനാനുമതി ലഭിച്ചിരിക്കുന്നത്.
മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതിക്കായി സംസ്ഥാന സർക്കാർ 192 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. വനാതിർത്തി പ്രദേശങ്ങൾ കൂടുതലുള്ള കോതമംഗലത്തിന് സ്മാർട്ട് എ.ഐ. ഹാങ്ങിങ് ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികൾ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ. കർഷകർക്ക് ആശ്വാസമായി റബറിന്റെ താങ്ങുവില കിലോയ്ക്ക് 200 രൂപയിൽ നിന്ന് 250 രൂപയായി ഉയർത്തിയതും ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ്. റബർ കൃഷിയെ ആശ്രയിക്കുന്ന മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഇത് വലിയ പിന്തുണയാകുമെന്ന് വിലയിരുത്തപ്പെടുന്നു.
അടിസ്ഥാന സൗകര്യ വികസനം, കായിക രംഗത്തിന്റെ വളർച്ച, കർഷക ക്ഷേമം, വന്യജീവി ശല്യത്തിന് പരിഹാരം എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യം നൽകുന്ന ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് പൊതുവായ വിലയിരുത്തൽ. പ്രത്യേകിച്ച് ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം യാഥാർഥ്യമാകുന്നതിനുള്ള ആദ്യ ചുവടുവെപ്പും കോതമംഗലത്തിനായി പ്രഖ്യാപിച്ച വൻ വികസന പദ്ധതികളും മണ്ഡലത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്നതായി വിലയിരുത്തപ്പെടുന്നു.


