മൂവാറ്റുപുഴ: ധനവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശന് അവതരിപ്പിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മൂവാറ്റുപുഴ മണ്ഡലത്തിന് മികച്ച നേട്ടം. അനുമതിക്കായി മാത്യു കുഴല്നാടന് എം.എല്‍.എ സമര്‍പ്പിച്ച 30 പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചു. ഇതില്‍ ആറ് പ്രമുഖ പദ്ധതികള്‍ക്കായി 14.70 കോടി രൂപ അനുവദിച്ചതായി എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഓരോ വര്‍ഷവും ബജറ്റില്‍ അഞ്ച് കോടി രൂപ മാത്രമാണ് അനുവദിച്ചിരുന്നതെന്നും യു.ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ മൂവാറ്റുപുഴയോടുള്ള സമീപനം മാറിയെന്നും എം.എല്‍.എ പറഞ്ഞു. ‘ബജറ്റില്‍ ടോക്കണ്‍ പ്രൊവിഷന്‍ ലഭിച്ച മറ്റ് 24 പദ്ധതികള്‍ കൂടി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ധേഹം പറഞ്ഞു.
തുക അനുവദിച്ച പ്രധാന പദ്ധതികള്‍:
വാളിയപ്പാടം – മാറാടി റോഡ് പുനര്‍നിര്‍മ്മാണം: 5 കോടി. മൂവാറ്റുപുഴ – മാറാടി റോഡ് പുനരുദ്ധാരണം: 4 കോടി. അമ്പലംപടി – വീട്ടൂര്‍ റോഡ് : 3.50 കോടി. വാഴക്കുളം പൈനാപ്പിള്‍ സിറ്റി മാര്‍ക്കറ്റ് വികസനം: 1 കോടി. വഴക്കാലക്കണ്ടം – മരുതൂര്‍ റോഡ് പുനരുദ്ധാരണം: 70 ലക്ഷം. കിഴക്കന്‍ മേഖല സ്പോര്‍ട്സ് ഹോസ്റ്റല്‍ നിര്‍മ്മാണം: 50 ലക്ഷം.
ടോക്കണ്‍ പ്രൊവിഷന്‍ ലഭിച്ച മറ്റ് പ്രധാന പദ്ധതികള്‍:
മൂവാറ്റുപുഴ ജനറല്‍ ആശുപത്രി സമഗ്ര വികസനം. മൂവാറ്റുപുഴ ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിട നിര്‍മ്മാണം. വള്ളിക്കട പാലം നിര്‍മ്മാണം, അമ്പലപ്പന്ന് റോഡ് കാപ്പിപ്പിള്ളി പാലം പുനര്‍നിര്‍മ്മാണം.
മൂവാറ്റുപുഴ മെട്രോ റെയില്‍ ആവശ്യകത പഠനവും പദ്ധതി രേഖ തയ്യാറാക്കലും. മൂവാറ്റുപുഴ തെക്കന്‍കോട് ബൈപ്പാസ് പദ്ധതി. മൂവാറ്റുപുഴ – മുറിക്കല്‍ പുഴയോരം ബൈപ്പാസ് റോഡ് പദ്ധതി. വാഴക്കുളം – കോട്ട കവല റോഡ് വികസനം. മാറാടി – പെരുവന്മുഴി, തൈമറ്റം – കല്ലൂര്‍ ശബരിമല കൊടൈക്കനാല്‍, കലൂര്‍ – കടവൂര്‍, കവാട്ടുമുക്ക് – കചൈ, അമ്പലപ്പടി – റാക്കാട്, മീങ്കുന്നം – മണ്ണത്തൂര്‍, പോത്താനിക്കാട് ഡീവിയേഷന്‍, ആരക്കുഴ – മീങ്കുന്നം, പൈങ്ങോട്ടൂര്‍ – പോത്താനിക്കാട്, വാഴക്കുളം – കോടിക്കുളം എന്നീ റോഡുകളുടെ ഉന്നത നിലവാരത്തിലുള്ള നവീകരണം. വാഴക്കുളം അഗ്രോ പ്രോസസിംഗ് കമ്പനി നവീകരണം. പായിപ്ര പഞ്ചായത്തിലെ പോയാലിമല ടൂറിസം പദ്ധതി. മരുതൂര്‍ പി.യു.പി സ്കൂള്‍, കടവൂര്‍ ഗവ. എല്‍.പി സ്കൂള്‍, പോത്താനിക്കാട് ഗവ. എല്‍.പി സ്കൂള്‍ എന്നിവയ്ക്ക് പുതിയ കെട്ടിടങ്ങള്‍. ശിവന്‍ക്കുന്ന് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഒന്നാം നിലയില്‍ പുതിയ കെട്ടിട നിര്‍മ്മാണം.


