കൊച്ചി: സിനിമയെ വ്യവസായമായി പരിഗണിക്കുമെന്ന് പ്രഖ്യാപിച്ച ബജറ്റിനെ സ്വാഗതം ചെയ്ത് ചലച്ചിത്ര മേഖല. ആയിരക്കണക്കിന് സിനിമാ പ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് പ്രഖ്യാപനമെന്ന് നടൻ മോഹൻലാൽ പറഞ്ഞു.
കൾച്ചറൽ പാർക്ക് ഉൾപ്പെടെ പദ്ധതികൾ പ്രഖ്യാപിച്ച തീരുമാനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്ന പ്രഖ്യാപനമെന്നാണ് നടൻ പൃഥ്വിരാജ് പ്രതികരിച്ചത്. പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് നിർമ്മാതാക്കളുടെ സംഘടനയും രംഗത്ത് എത്തി. തിയേറ്ററുകളുടെ വൈദ്യുതി നിരക്ക് കുറയാനും ബാങ്ക് വായ്പകൾക്കും ഗുണകരമാകുമെന്നും സംഘടന വ്യക്തമാക്കി
മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പുതിയ ബജറ്റില്‍, സിനിമ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍, കള്‍ച്ചറല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ പദ്ധതികള്‍ സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്. സിനിമയെ ഒരു വ്യവസായമായി പരിഗണിക്കാനുള്ള നടപടികളെടുക്കുമെന്ന പ്രഖ്യാപനം ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കും. മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ശ്രീ.ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ വാക്ക് ‘സെല്ലുലോയ്ഡി’നെ തൊട്ടുനില്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നല്കുന്നു. ആന്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുൾപ്പെടെ സിനിമയ്ക്ക് നല്കിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സർക്കാരിനും മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി


