തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് വമ്പൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചെങ്കിലും അത്തരത്തിൽ ഒരു പ്രഖ്യാപനങ്ങളും ഇല്ലാത്തതാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. സർക്കാർ ജീവനക്കാർക്കായി ബജറ്റിൽ വിസ്മയങ്ങൾ ഉണ്ടാകുമെന്നായിരുന്നു നേരത്തെ നിയമസഭയിൽ അടക്കം മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ അങ്ങനെ ഒളിച്ചുവെച്ച വിസ്മയങ്ങളൊന്നും ബജറ്റിൽ കാണാനില്ല. അതേസമയം സംസ്ഥാന ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ എന്നിവ മുടക്കമില്ലാതെ നൽകുമെന്നതും മെഡിസെപ്പ് പദ്ധതി സമഗ്രമായി പരിഷ്കരിക്കും എന്നതും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുടക്കം വന്ന ഡിഎഡിആർ എന്നിവ കൃത്യമായി നൽകുമെന്നതും ഏറെ ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളാണ്.
കൂടാതെ ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തുന്നതിനും അവരുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ബജറ്റിലുണ്ട്. ഫയലുകളുടെ വേഗത്തിലുള്ള നീക്കത്തിന് ഉദ്യോഗസ്ഥരുടെ തട്ടുകൾ കുറയ്ക്കുന്നത് അടക്കമുള്ള ഭരണ പരിഷ്കാര നടപടികൾ കൈക്കൊള്ളും എന്നാണ് മറ്റൊരു പ്രഖ്യാപനം. സെക്രട്ടേറിയറ്റിനെ രാജ്യത്ത് ഏറ്റവും മികച്ചതാക്കാനുള്ള നടപടി സ്വീകരിക്കുമെന്നതും പ്രഖ്യാപനത്തിലുണ്ട്. അതേസമയം, മുൻ സർക്കാർ പ്രഖ്യാപിച്ച അഷ്വേർഡ് പെൻഷൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുന്നുണ്ട്. ആ പദ്ധതിയിൽ അവ്യക്തതയുണ്ടെന്നും അതുകൊണ്ട് കാര്യങ്ങൾ വിലയിരുത്തിയ ശേഷം നിലവിലുള്ള എൻപിഎസ് പെൻഷൻ സംവിധാനം പരിഷ്കരിക്കുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.


