കാസർകോട്: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ ഉയർന്ന മാർക്കുള്ള വിദ്യാർഥികളെ നോക്കുകുത്തിയാക്കി മന്ത്രിമാർ അനുവദിക്കുന്ന ‘സ്പെഷ്യൽ ഓർഡറുകൾ’ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം. ഭിന്നശേഷിക്കാർ, ഗുരുതരമായ രോഗബാധിതർ, അനിവാര്യമായ കാരണങ്ങളാൽ യഥാസമയം അപേക്ഷിക്കാൻ കഴിയാതെ പോയവർ എന്നിവർക്ക് വീടിനടുത്ത് പഠനസൗകര്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഉത്തരവുകളാണ് രാഷ്ട്രീയ സ്വാധീനത്തിന്റെ പിൻബലത്തിൽ അനർഹർ കൈക്കലാക്കുന്നത്. ഇത്തരം ഉത്തരവുകളിലൂടെ എത്തുന്നവരടക്കം ഒരു ക്ലാസിൽ എഴുപതിലേറെ കുട്ടികളെ ഇരുത്തി പഠിപ്പിക്കേണ്ടി വരുന്നത് ക്ലാസ്റൂം പഠനപ്രവർത്തനങ്ങളെയും സ്കൂളുകളുടെ വിജയശതമാനത്തെയും ഗുരുതരമായി ബാധിക്കുകയാണ്.
കാസർകോട് മൊഗ്രാൽ പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷം നടന്ന പ്രവേശനം ഈ ദുരുപയോഗത്തിന്റെ നേർച്ചിത്രമാണ്. സ്കൂളിൽ ആകെ ഉണ്ടായിരുന്ന ഒരൊറ്റ ഒഴിവിലേക്കാണ് കഴിഞ്ഞ വർഷം 20 വിദ്യാർഥികൾ സ്പെഷ്യൽ ഓർഡർ വഴി പ്രവേശനം നേടിയത്. സയൻസ് ബാച്ചിൽ രണ്ടുപേരും ഹ്യുമാനിറ്റീസിൽ 11 പേരും കൊമേഴ്സിൽ ഏഴുപേരുമാണ് ഇങ്ങനെ അധികമായി എത്തിയത്. ഏകജാലക സംവിധാനത്തിലൂടെ മുഴുവൻ വിഷയങ്ങളിലും ‘എ പ്ലസ്’ നേടിയ വിദ്യാർഥികൾക്ക് മാത്രം പ്രവേശനം ലഭിച്ച കമ്പ്യൂട്ടർ സയൻസ് ബാച്ചിലേക്കാണ് സ്പെഷ്യൽ ഓർഡർ വഴി രണ്ട് കുട്ടികൾ കടന്നുകൂടിയത്. ഇതിൽ ഒരു കുട്ടിക്ക് ആകെയുള്ളത് രണ്ട് ‘എ പ്ലസ്’ മാത്രമാണെങ്കിൽ, രണ്ടാമത്തെ കുട്ടിക്ക് ഒരൊറ്റ ‘എ പ്ലസ്’ പോലുമില്ലെന്നതാണ് ഇതിലെ ഏറ്റവും വലിയ വൈരുധ്യം. ഉയർന്ന മാർക്കുണ്ടായിട്ടും ഇഷ്ടവിഷയം കിട്ടാതെ മറ്റ് ബാച്ചുകളിലേക്ക് മാറേണ്ടി വന്ന വിദ്യാർഥികളോടുള്ള കടുത്ത വഞ്ചനയാണിതെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.
‘മറ്റുവിധത്തിൽ അർഹതയുണ്ടെങ്കിൽ ഇതൊരു സ്പെഷ്യൽ കേസ് ആയി പരിഗണിക്കണം’ എന്ന സർക്കാർ ഉത്തരവുകളിലെ അവ്യക്തമായ വാചകമാണ് പ്രിൻസിപ്പൽമാർക്ക് മുന്നിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ‘മറ്റുവിധത്തിലുള്ള അർഹത’ എന്താണെന്നോ, അത് എങ്ങനെയാണ് അളക്കേണ്ടതെന്നോ ഉത്തരവിൽ വ്യക്തതയില്ല. ഈ കാരണം ചൂണ്ടിക്കാട്ടി അപേക്ഷ തിരിച്ചയക്കാനുള്ള അധികാരവും പ്രിൻസിപ്പൽമാർക്കില്ല. അതിനാൽ മേൽവിലാസമുള്ള ഉത്തരവുമായി വരുന്നവർക്കെല്ലാം പ്രവേശനം നൽകാൻ അവർ നിർബന്ധിതരാകുകയാണ്.
പ്രവേശന നടപടികളെല്ലാം പൂർത്തിയായി ഓണപ്പരീക്ഷയോട് അടുക്കുന്ന സമയങ്ങളിലാണ് ഇത്തരം ഉത്തരവുകളുമായി വിദ്യാർഥികൾ സ്കൂളുകളിലേക്ക് എത്തുന്നത്. പകുതിയോളം പാഠഭാഗങ്ങൾ തീർന്ന അവസ്ഥയിൽ ക്ലാസിലേക്ക് കടന്നുവരുന്ന ഈ കുട്ടികൾക്ക് പഠനവുമായി ഒത്തുപോകാൻ കഴിയാതെ വരുന്നത് സ്കൂളിന്റെ പൊതുവിജയശതമാനത്തെയും പ്രതികൂലമായി ബാധിക്കുന്നു. മലബാർ മേഖലയിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുവദിച്ച 30 ശതമാനം വർധനവ് കൂടിയാകുമ്പോൾ 50 സീറ്റുള്ള ഒരു ക്ലാസിൽ നിലവിൽ 65 കുട്ടികളുണ്ടാകും. ഇതിനു പുറമെയാണ് സ്പെഷ്യൽ ഓർഡർ വഴിയുള്ള വിദ്യാർഥികൾ കൂടി എത്തുന്നത്. ഇതോടെ പത്താം ക്ലാസ് കഴിഞ്ഞ് വരുന്ന എഴുപതിലേറെ കുട്ടികളെ ഒരൊറ്റ ക്ലാസ് മുറിയിലിരുത്തി നിയന്ത്രിക്കാൻ അധ്യാപകർ പാടുപെടുകയാണ്.


