മൂവാറ്റുപുഴ: കനത്ത മഴ ആരംഭിച്ചതോടെ മൂവാറ്റുപുഴ കോര്‍മല കുന്നില്‍ വീണ്ടും കടുത്ത ദുരന്തഭീഷണി ഉയരുന്നു. കുന്നിടിച്ചിലില്‍ മുന്‍പ് റോഡ് നെടുകെ പിളര്‍ന്നതിന് സമീപം സ്ഥിതി ചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ കൂറ്റന്‍ കുടിവെള്ള ടാങ്ക് നിലവില്‍ പ്രദേശത്തിന് മുകളില്‍ ഒരു ‘ജലബോംബ്’ പോലെയാണ് നിലകൊള്ളുന്നത്. മലയിടിഞ്ഞ് ടാങ്ക് തകര്‍ന്നാല്‍ വെള്ളൂര്‍കുന്നം പ്രദേശം പൂര്‍ണമായും ഇല്ലാതാകുമെന്നും നഗരം നിശ്ചലമാകുമെന്നും നിരവധി മുന്നറിയിപ്പുകളുണ്ടായിട്ടും അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. അപകടസാധ്യത കണക്കിലെടുത്ത് നിലവില്‍ ടാങ്കില്‍ പകുതിയില്‍ താഴെ മാത്രമാണ് വെള്ളം നിറയ്ക്കുന്നത്. ഇത് നഗരത്തിലെ കുടിവെള്ള വിതരണത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
നഗരത്തിന് മുകളില്‍ ‘ജലബോംബ്’ ഭീഷണി
കോര്‍മല കുന്നിന്മുകളില് സ്ഥിതി ചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ കൂറ്റന്‍ കുടിവെള്ള ടാങ്ക് നിലവില്‍ പ്രദേശത്തിന് വലിയൊരു ഭീഷണിയാണ്. മുന്‍പ് റോഡ് നെടുകെ പിളര്‍ന്നതിന് സമീപമാണിത് സ്ഥിതി ചെയ്യുന്നത്. മലയിടിഞ്ഞ് ടാങ്ക് തകര്‍ന്നാല്‍ വെള്ളൂര്‍കുന്നം പ്രദേശം പൂര്‍ണമായും ഒലിച്ചുപോകുമെന്നും നഗരം നിശ്ചലമാകുമെന്നും ദുരന്തനിവാരണ അതോറിറ്റി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് നിലവില്‍ ടാങ്കില്‍ പകുതിയില്‍ താഴെ മാത്രമാണ് വെള്ളം നിറയ്ക്കുന്നത്. ഇത് നഗരത്തിലെ കുടിവെള്ള വിതരണത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഫയലില്‍ ഒതുങ്ങിയ റിപ്പോര്‍ട്ടുകള്‍
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വില്ലേജ് ഓഫീസര്‍മാര്‍ മാത്രം പതിനഞ്ചിലധികം റിപ്പോര്‍ട്ടുകളാണ് ഉന്നത അധികാരികള്‍ക്ക് സമര്‍പ്പിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ മുപ്പതോളം തവണ ഇവിടെ പരിശോധന നടത്തി. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം ചുവപ്പുനാടയില്‍ കുടുങ്ങി. ജനപ്രതിനിധികളും റവന്യൂ വകുപ്പും നല്കിയ വാഗ്ദാനങ്ങളും കാക്കനാടും തിരുവനന്തപുരത്തും നടത്തിയ സര്‍ക്കാര്‍ തല നീക്കങ്ങളും പരാജയപ്പെടുകയാണുണ്ടായത്.

ലാഭക്കൊതിയും ഉദ്യോഗസ്ഥ വീഴ്ചയും
കോര്‍മലയില്‍ അശാസ്ത്രീയമായി മണ്ണെടുത്ത് മലയിടിച്ചിലിന് വഴിയൊരുക്കിയ സ്ഥലുടമയ്ക്കും അതിന് അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ക്കും എതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉന്നത സ്വാധീനത്തില്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ നിര്‍മാണ നിരോധന ഉത്തരവുകള്‍ പോലും ഇവിടെ പരസ്യമായി ലംഘിക്കപ്പെട്ടു.
പ്രതീക്ഷയോടെ കുടുംബങ്ങള്‍
മരണഭയത്തോടെ കുന്നിന്ചെരുവില് കഴിയുന്ന നാല് കുടുംബങ്ങള്‍ക്ക് വാടകവീടുകളിലേക്ക് മാറാന്‍ മുന്‍പ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും, പുനരധിവാസത്തില്‍ ഉറപ്പില്ലാത്തതിനാല്‍ അവര്‍ തയാറായിരുന്നില്ല. കനത്ത മഴ ആരംഭിച്ചതോടെ വീണ്ടും ദുരന്തഭീഷണിയിലായ കോര്മലച്ചെരുവിലെ നാല് കുടുംബങ്ങളെ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നഗരസഭ പുനരധിവസിപ്പിക്കും. ഇവര്‍ക്ക് സുരക്ഷിതമായ വീട് നിര്‍മിച്ചു നല്‍കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി അറിയിച്ചു. എന്നാല്‍ ഇനി കലക്ടറേറ്റ് തലത്തിലുള്ള പരിഹാരത്തിനായി കാത്തുനില്‍ക്കില്ലെന്നും നഗരസഭ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് അടിയന്തര നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. നിലവിലുള്ള ഫയലുകള്‍ വിശദമായി പഠിച്ച് തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണ് നഗരസഭയുടെ തീരുമാനം. നഗരസഭ നേരിട്ട് ഇടപെടുന്നതോടെ പത്ത് വര്‍ഷത്തെ അവഗണനയ്ക്ക് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
ദുരന്തബാധിത പ്രദേശത്ത് നഗരസഭ സംഘം
നഗരസഭ ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ കോര്‍മല സന്ദര്‍ശിച്ചു. വൈസ് ചെയര്മാന് പി.എം. അബ്ദുള്‍ സലാം, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജിത പി. കൗണ്‍സിലര്‍മാരായ മനോജ് ജി., സജി ചാത്തങ്കണ്ടം വില്ലേജ് ഓഫീസര്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ആരോഗ്യ വകുപ്പ്, എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘവും ഒപ്പമുണ്ടായിരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു.


