മൂവാറ്റുപുഴ: എം.സി.റോഡില്‍ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പള്ളിച്ചിറങ്ങരയില്‍ കെ.എസ്.ആര്.ടി.സി. ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. ചെറുവട്ടൂര്‍ പോണാക്കുടിയില് സുബൈര്‍ (52) ആണ് മരിച്ചത്. ചെറുവട്ടൂര്‍ കവലയില്‍ പച്ചക്കറി വ്യാപാരിയാണ്.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. പള്ളിപ്പടി കവല ഭാഗത്ത് ഇടവഴിയില്‍ നിന്ന് പ്രധാന റോഡിലേക്ക് വന്ന സുബൈര്‍ സ്കൂട്ടര്‍ നിര്‍ത്തി വാഹനങ്ങള്‍ വരുന്നുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് കടക്കാന്‍ ശ്രമിച്ചതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. റോഡിന്റെ പകുതി ഭാഗത്തെത്തിയപ്പോഴേക്കും കെ.എസ്.ആര്.ടി.സി. ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
സ്കൂട്ടറടക്കം ബസിനടിയില്‍ പെട്ടുപോയ സുബൈറിനെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: നെസീറ. മക്കള്‍: ബാദുഷ, ബീമമോള്. ഖബറടക്കം തിങ്കളാഴ്ച 12ന് ചെറുവട്ടൂര്‍ ഓലില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.


