മൂവാറ്റുപുഴ: ഓടാത്ത വാഹനത്തിന് രൂപമാറ്റമെന്ന പേരിൽ നഗരസഭയുടെ വികസന ഫണ്ടിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തതായി ഓഡിറ്റ് കണ്ടെത്തി. ഗുരുതര ചട്ടലംഘനവും സാമ്പത്തിക ക്രമക്കേടും ചൂണ്ടിക്കാട്ടി തുകയുടെ ക്ലിയറൻസ് ഓഡിറ്റ് വകുപ്പ് തടഞ്ഞു. തട്ടിപ്പിന് പിന്നിൽ ആരൊക്കെയെന്ന് കണ്ടെത്താൻ വകുപ്പുതല അന്വേഷണത്തിനും ഉത്തരവായി.
*ചട്ടലംഘനങ്ങളുടെ ഘോഷയാത്ര*
ടൗൺഹാൾ യാർഡിൽ കിടന്നിരുന്ന പഴയ ടാറ്റാ ഏസ് വാഹനം കുടുംബശ്രീ മൊബൈൽ വിപണന കേന്ദ്രമാക്കാനായിരുന്നു പദ്ധതി. പക്ഷേ കൗൺസിൽ തീരുമാനമോ സർക്കാരിന്റെ മുൻകൂർ അനുമതിയോ ഇല്ലാതെയാണ് 2,50,000 രൂപ ചെലവിട്ടത്. 2008ൽ റജിസ്റ്റർ ചെയ്ത വാഹനം മുൻപ് എന്തിനാണ് ഉപയോഗിച്ചത്, എത്ര കിലോമീറ്റർ ഓടി എന്ന ലോഗ് ബുക്ക് പോലും ഓഡിറ്റിന് ഹാജരാക്കിയില്ല. ലക്ഷങ്ങൾ മുടക്കി നവീകരിച്ചിട്ടും വാഹനം നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇൻഷുറൻസ്, ഫിറ്റ്നസ്, റോഡ് ടാക്സ്, പൊലൂഷൻ സർട്ടിഫിക്കറ്റ് എല്ലാം വർഷങ്ങൾക്ക് മുൻപേ കാലാവധി കഴിഞ്ഞു. ഉപയോഗശൂന്യമായ വാഹനത്തിന് ഒരു ഫിറ്റ്നസ് പരിശോധനയോ മൂല്യനിർണയമോ നടത്തിയിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
*എഞ്ചിനില്ല, ടയർ മാത്രം; ലക്ഷങ്ങൾ മുടക്കിയത് ചായക്കടയ്ക്കോ?*
ഓഡിറ്റ് സംഘത്തിന്റെ മിന്നൽ പരിശോധനയിൽ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ. സർക്കാർ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ചായയും ലഘുഭക്ഷണവും വിൽക്കുന്ന ഒരു ചെറിയ സ്റ്റാൾ മാത്രമാണ് കണ്ടത്. അതിൽ വാഹനത്തിന്റെ കേടുവന്ന പഴയ ടയറുകളും കണക്റ്റിങ് പാർട്സുകളും മാത്രം. എഞ്ചിനോ യാന്ത്രിക ഭാഗങ്ങളോ ഒന്നുമില്ല. പഞ്ചറായി കിടക്കുന്ന ഈ ഘടന വണ്ടി വെട്ടിപ്പൊളിച്ച് ഉണ്ടാക്കിയതാണോ എന്ന് പോലും വ്യക്തമല്ല.
*തട്ടിപ്പിന് പിന്നിൽ ആരൊക്കെ?*
രൂപമാറ്റം വരുത്തിയ വാഹനം ആർക്ക് കൈമാറി എന്നതിന് ഒരു രേഖയുമില്ല. നിലവിൽ കൈവശം വച്ചിരിക്കുന്നവർ നഗരസഭയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ല. പദ്ധതി ഫയൽ മുതൽ നടത്തിപ്പ് വരെ ദുരൂഹത. അനുമതി നൽകാത്ത ഉദ്യോഗസ്ഥർ, ബിൽ പാസാക്കിയ അക്കൗണ്ട്സ് വിഭാഗം, പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ, കൈവശം വച്ചിരിക്കുന്ന സ്വകാര്യ വ്യക്തികൾ, മൗനാനുവാദം നൽകിയ ജനപ്രതിനിധികൾ – ഇവരെല്ലാം അന്വേഷണ പരിധിയിൽ വരും.
ഗുരുതര നിയമലംഘനത്തിന് മറുപടി നൽകാത്തതിനെ തുടർന്നാണ് ഓഡിറ്റ് വിഭാഗം തുക തടഞ്ഞത്. “ഓടാത്ത വണ്ടിക്ക് രൂപമാറ്റം” എന്ന പേരിൽ നടന്നത് ആസൂത്രിത തട്ടിപ്പാണെന്ന സംശയം ബലപ്പെടുന്നു. കുടുംബശ്രീയുടെ പേരിൽ വികസന ഫണ്ട് ധൂർത്തടിച്ചതിന്റെ ഉത്തരവാദിത്തം ആർക്കെന്ന് നഗരസഭ വ്യക്തമാക്കണം.
വീഴ്ചയില്ല; ആർടി ഓഫീസിന്റെ കാലതാമസമാണ് കാരണം – ചെയർപേഴ്സൺ
മൂവാറ്റുപുഴ:
മുൻ കൗൺസിലിന്റെ കാലത്ത്
പഴയ വാഹനം മോഡിഫൈ ചെയ്ത സംഭവത്തിൽ നഗരസഭയ്ക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ചെയർപേഴ്സൺ ജോയ്സ് മേരി ആൻറണി. കാലാനുസൃതമായി കണ്ടം ചെയ്ത വാഹനമാണ് നഗരസഭയുടെ ഐക്യകണ്ഠേന ഉള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മോഡിഫൈ ചെയ്യാൻ അന്നത്തെ കൗൺസിൽ തീരുമാനിച്ചതെന്ന് അവർ വിശദീകരിച്ചു.
തീരുമാനം അനുസരിച്ച് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന് നിയമാനുസൃത അപേക്ഷ നൽകിയിരുന്നു. ഇതിൽ മറുപടി തരുന്നതിനും തുടർനടപടി സ്വീകരിക്കുന്നതിനും ആർടി ഓഫീസിൽ കാലതാമസം ഉണ്ടായി. തുടർന്നാണ് വാഹനം രൂപമാറ്റം ചെയ്തതെന്നും തീരുമാനത്തിൽ യാതൊരു ക്രമക്കേടുകളും ഉണ്ടായില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു.
2.5 ലക്ഷം രൂപയുടെ തട്ടിപ്പ് ആരോപിച്ച് ഓഡിറ്റ് വിഭാഗം തുക തടഞ്ഞ് വകുപ്പുതല അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ചെയർപേഴ്സന്റെ പ്രതികരണം. കൗൺസിൽ സർക്കാർ അനുമതിയും ഇല്ലാതെയാണ് പണം ചെലവിട്ടതെന്ന ഓഡിറ്റ് കണ്ടെത്തൽ ചെയർപേഴ്സൺ തള്ളി.


