മുവാറ്റുപുഴ: നഗരഗതാഗത കുരുക്കിനും പൊതുജനത്തിന്റെ ദുരിത യാത്രയ്ക്കും പരിഹാരം. കച്ചേരിത്താഴത്ത് പാലത്തിനു സമീപം രൂപം കൊണ്ട വന്‍ഗര്‍ത്തം ഇരുപത്തി ഒന്നാം മണിക്കൂറില്‍ കോണ്‍ക്രറ്റ് ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. കനത്ത മഴയെ അവഗണിച്ച് മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. വന്‍ ഗര്‍ത്തത്തെ തുടര്‍ന്ന് ഗതാഗതം താറുമാറാകുകയും നഗരം സ്തംഭിക്കുകയും ചെയ്തതോടെ പ്രശ്ന പരിഹാരത്തിന് കളമൊരുക്കിയത് മാത്യു കുഴല്നാടന് എംഎല്‍എയുടെ ഇടപെടലില്‍ നടന്ന ഉദ്യോഗസ്ഥ ഏകോപനമാണ്. കനത്ത മഴയെ അവഗണിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗതാഗാതം പഴയപടിയാക്കാന്‍ രംഗത്തിറങ്ങിയതോടെ വൈകിട്ട് 5 ഓടെ ഗതാഗതം പഴയ നിലയിലായി.
ചൊവ്വാഴ്ച രാത്രി 8 മണിക്ക് ശേഷം രൂപം കൊണ്ട ചെറിയ ഗര്‍ത്തം രാവിലെയോടെ വന്‍ ഗര്‍ത്തമായി മാറുകയായിരുന്നു. രാത്രി ഒരു വശത്തുകൂടി മാത്രം വാഹനങ്ങള്‍ കടത്തി വിട്ടു. ഗര്‍ത്തം വലുതായതോടെ പാലം അടച്ചു. പഴയ പാലത്തിലൂടെ ഒരു വശത്തേക്ക് മാത്രമായി വാഹനങ്ങള്‍ കടത്തിവിട്ടതോടെ ഗതാഗതം താറുമാറായി പൊതുജനം വലഞ്ഞു. തിരക്കേറിയതോടെ നഗരം സ്തംഭിച്ചു.

ഗതാഗത കുരുക്കിന് അല്‍പ്പെങ്കിലും ആശ്വാസമായത് ചാലിക്കടവ് പാലം വഴി ഗതാഗതം തിരിച്ച് വിടാനായതാണ്. ബൈപാസില്ലാത്തതിന്റെ വേദന മൂവാറ്റുപുഴ അറിഞ്ഞതും ഈ സംഭവത്തോടെയാണ്. ബുധനാഴ്ച രാവിലെ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോള്‍ കൂടുതല്‍ ആഴത്തില്‍ മണ്ണിന് ഇളക്കം സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുകയും തുടര്‍ നടപടികള്‍ വേഗത്തിലാക്കുകയുമായിരുന്നു. പ്രധാന പാലത്തിലൂടെയുള്ള വാഹന ഗതാഗതം തടസപ്പെടുത്തി പഴയപാലത്തിലൂടെ ഒറ്റവരി ഗതാഗതമാണ് അനുവദിച്ചത്. ഇതോടെ നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കും ഉണ്ടായി. വൈകുന്നേരം അഞ്ചുമണിയോടെയാണ് ഗര്‍ത്തം അടച്ച് ഗതാഗതം പുനസ്ഥാപിച്ചത്.
അപകടം നടന്ന ഉടന്‍ സംഭവ സ്ഥലത്ത് അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. വാഹന ഗതാഗതം തടസപ്പെടുത്തി പോലീസ് ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്തു. രാവിലെ തന്നെ മാത്യൂ കുഴല്നാടന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്സ്, പൊതുമരാമത്ത് വകുപ്പ്്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി വകുപ്പിന്റെ പ്രധാന ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പ്രശ്ന പരിഹാരത്തിന് സംയുക്തമായി ശ്രമം ആരംഭിച്ചു. വൈകുന്നേരം വരെ ഇവര്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഹിറ്റാച്ചിയും ജെ.സി.ബിയും എത്തിച്ച് ഗര്‍ത്തം രൂപപ്പെട്ട സ്ഥലത്ത് നിന്നും ആദ്യം മണ്ണ് നീക്കം ചെയ്തു.
20 അടിയോളം നീളത്തിലും താഴ്്ചയിലും മണ്ണ് നീക്കം ചെയ്ത് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തല്ക്കാലം കൂടുതല്‍ അപകട സാധ്യതകള്‍ നിലവിലില്ല എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഗര്‍ത്തം മൂടുകയായിരുന്നു. ബി.എസ്.എന്‍.എല്‍. കേബിള്‍ സന്ധിക്കുന്ന കോണ്‍ക്രീറ്റ് ചേമ്പര്‍ മണ്ണിലേക്ക് ഇരുന്ന് പോയതാണ് അപകട കാരണമെന്ന് വിലയിരുത്തുന്നു. ഈ ഭാഗത്തുകൂടി മുമ്പ് വെള്ളം ഒഴുകുന്ന കല്‍വര്‍ട്ട് ഉണ്ടായിരുന്നുവെന്നും ഇതിലെ മണ്ണ് ഒലിച്ചു പോയതാണ് ചേമ്പര്‍ ഇടിയാന്‍ ഇടയാക്കിയതെന്നും കരുതുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, ചീഫ് എഞ്ചീനീയര്‍ എന്നിവരുമായി മാത്യു കുഴല്നാടന് എം.എല്‍.എ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും സഹായാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. നഗരത്തില്‍ രൂക്ഷമായി അനുഭവപ്പെട്ട ഗതാഗതക്കുരുക്കും പരിഗണിച്ചാണ് തല്ക്കാലം കുഴി അടക്കാന്‍ തീരുമാനമെടുത്തത്. വരും ദിവസങ്ങളില്‍ കുടുതല്‍ പരിശോധനകള്‍ നടത്തി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വലിയ കുഴിരൂപപെട്ടു, നഗരം കുരുക്കിലായി, ഗതാഗതം തിരിച്ചുവിട്ടു.


