പി എം ശ്രീയിൽ യുഡിഎഫിന്റെ ആരോപണങ്ങളെല്ലാം പൊളിഞ്ഞുപാളീസായെന്ന് ജോൺ ബ്രിട്ടാസ് എംപി. യുഡിഎഫ് ഇപ്പോൾ പരസ്പരം ആരോപണം ഉന്നയിക്കുകയാണ്. അധികാരത്തിൽ വരാൻ വേണ്ടി യുഡിഎഫ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ തിരുത്തി പറയുന്നു. ഇതുപോലെ മലക്കം മറിയുന്ന സർക്കാറിനെ ചരിത്രത്തിൽ കണ്ടിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
പി എം ശ്രീ യിൽ ചോദ്യങ്ങൾ ചോദിച്ച എംപിമാരോട് നന്ദിയുണ്ടെന്നും അവരുടെ പ്രവർത്തനം തങ്ക ലിപികളിൽ രേഖപ്പെടുത്തണമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. യുഡിഎഫ് എംപിമാർക്ക് തന്നെ മുഖ്യമന്ത്രിയുടെ കാപട്യം മടുത്തു. യുഡിഎഫ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. മോഹൻ ഭഗവതിൻ്റെ യോഗത്തിലേക്ക് സർക്കാർ സെക്രട്ടറിയെ അയച്ചെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ സംഭവ വികാസങ്ങളിലും ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ കാപ്പ കേസ് പ്രതിക്ക് വേണ്ടി തദ്ദേശ വകുപ്പും ആഭ്യന്തരവകുപ്പും വാദിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് വിമർശിച്ചു. കാപ്പ കേസ് പ്രതിയെ രക്ഷിക്കാൻ വഴിവിട്ട് പ്രവർത്തിച്ചു. കോൺഗ്രസ് കൗൺസിലർ ആയിരുന്നെങ്കിൽ ഇതുപോലെ സമീപനം എടുക്കുമായിരുന്നോ എന്ന് അദേഹം ചോദിച്ചു. ഈ സർക്കാരിനെ നയിക്കുന്നത് ആർഎസ്എസ് ആണ്. മൂന്ന് എംഎൽഎമാരെ ഉള്ളൂ എങ്കിലും ഫലത്തിൽ ബിജെപിയാണ് സർക്കാരിനെ നയിക്കുന്നത്. ഇതു പോലെ പരിപൂർണ്ണ കീഴടങ്ങൽ നടത്തിയ സർക്കാർ കേരളത്തിന്റെ ചരിത്രത്തിൽ ഇല്ലെന്ന് ജോൺബ്രിട്ടാസ് പറഞ്ഞു.


