മൂവാറ്റുപുഴ: കനത്ത മഴയിൽ മൂവാറ്റുപുഴ നഗരത്തിൽ വെള്ളപ്പൊക്ക ഭീഷണി രൂക്ഷമായി. വെള്ളിയാഴ്ച രാത്രിയിലെ ശക്തമായ മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ കൊച്ചങ്ങാടി, ഇലാഹിയ കോളനി അടക്കമുള്ള സ്ഥലങ്ങളിൽ വെള്ളം കയറി. പുഴയോരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
വണ്ടിപ്പേട്ടയിലെ സർക്കാർ താലൂക്ക് ഹോമിയോ ആശുപത്രിയുടെ താഴത്തെ നിലയിലേക്ക് വെള്ളം ക്രമാതീതമായി കയറി. ഇൻപേഷ്യന്റ് വാർഡ് പ്രവർത്തിക്കുന്ന നിലയിലായിരുന്നു വെള്ളം ഉയർന്നത്. രോഗികളെയും മരുന്നുകൾ, പ്രധാന ഉപകരണങ്ങൾ എന്നിവയും ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് അടിയന്തരമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചു വരികയാണ്.
സാഹചര്യം വിലയിരുത്താൻ നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണിയുടെ അധ്യക്ഷതയിൽ അടിയന്തര ദുരന്തനിവാരണ സമിതി ചേർന്നു. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ യോഗത്തിൽ പങ്കെടുത്ത് നദികളിലെ ജലനിരപ്പും സ്ഥിതിഗതികളും വിശദീകരിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
യോഗത്തിൽ വൈസ് ചെയർമാൻ പി.എം അബ്ദുൽ സലാം, ആർ.ഡി.ഒ, തഹസിൽദാർ, ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, പൊലീസ്, ആരോഗ്യ വകുപ്പ്, സർക്കാർ ആശുപത്രി അധികൃതർ, വില്ലേജ് ഓഫീസർമാർ, നഗരസഭാ സെക്രട്ടറി, നഗരസഭാ ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് പ്രതിനിധികൾ, നഗരസഭാ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
മഴക്കാല ദുരന്തസാധ്യത നേരിടാനുള്ള മുന്നൊരുക്കങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകളുടെ സജ്ജീകരണം, അപകടസാധ്യതയുള്ള മേഖലകളിലെ നിരീക്ഷണം, അടിയന്തര രക്ഷാപ്രവർത്തനങ്ങൾ എന്നിവ യോഗം വിലയിരുത്തി. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംവിധാനങ്ങൾ സജ്ജമാണ്. ജനങ്ങൾ ഭയപ്പെടേണ്ടതില്ല, ജാഗ്രത പാലിച്ചാൽ മതി എന്ന് ചെയർപേഴ്സൺ ആന്റണി അറിയിച്ചു.


