സ്പെയിനിലേക്ക് മൊറോക്കോയില്‍ നിന്ന് വന്‍ അനധികൃത കുടിയേറ്റം. 24 മണിക്കൂറിനിടെ സ്പെയിനിന്റെ അധീനതയിലുള്ള സെവൂത്തയിലേക്ക് 60,000 അനധികൃത കുടിയേറ്റക്കാര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത കുടിയേറ്റത്തിനിടെ കടലില്‍ 57 പേര് മുങ്ങി മരിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കടല്‍ മാര്‍ഗം അതിര്‍ത്തി കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തിരികെ മൊറോക്കോയിലേക്ക് കൊണ്ടുപോകാനാവില്ലെന്ന് സ്പെയ്ന്‍ സുപ്രീം കോടതി വിധിച്ചതിനു പിന്നാലെയാണ് കുടിയേറ്റം നടക്കുന്നത്. സുപ്രീംകോടതി വിധിയെ മനുഷ്യക്കടത്ത് സംഘങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് സെവൂത്തയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് കാരണമായതെന്ന് സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രതികരിച്ചു.
അത്യപകടകരമായ നിരവധി പ്രതിബദ്ധങ്ങളെ തരണം ചെയ്താണ് കുടിയേറ്റക്കാര്‍ സ്പെയിനിലെത്തിയത്. കടല്‍ മാര്‍ഗം വരുന്നതിനിടെ തന്നെ നിരവധി പേര് മുങ്ങി മരിച്ചു. അതിര്‍ത്തി ചെക്ക് പോയിന്റ് കടക്കുന്നയിടത്തെ തിക്കിലും തിരക്കിലും പെട്ടും നിരവധി പേര്‍ക്ക് ജീവന് നഷ്ടമായതായി റിപ്പോര്‍ട്ടുകളുണ്ട്. അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കെതിരെ സ്പാനിഷ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര് വാതകം പ്രയോഗിച്ചിട്ടും മുന്നറിയിപ്പ് നല്‍കാനായി ആകാശത്തേക്ക് വെടിയുതിര്‍ത്തിട്ടും ഇവര്‍ മടങ്ങിപ്പോകാന്‍ കൂട്ടാക്കിയിരുന്നില്ല.
മെഡിറ്ററേനിയന്‍ കടലിന്റെ കവാടമായ ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ സ്ഥിതി ചെയ്യുന്നതും 1580 മുതല്‍ സ്പെയിനിന്റെ അധീനതയിലുള്ളതുമായ സെവൂത്തയില്‍ കര്‍ശന സുരക്ഷയാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രദേശത്തേക്ക് സ്പെയിന് സൈന്യത്തേയും അധികമായി നിരവധി പൊലീസ് സംഘത്തേയും അയച്ചിട്ടുണ്ട്. അതിര്‍ത്തികള്‍ക്ക് സമീപം സുരക്ഷാ സൈന്യവും കുടിയേറ്റക്കാരും തമ്മില്‍ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.


