മൂവാറ്റുപുഴ: ഡിസംബര്‍ 10 വൈകിട്ട് മൂന്നിന് മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂവാറ്റുപുഴ നിയോജക മണ്ഡലം നവകേരള സദസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചെയര്മാന് എല്‍ദോ എബ്രഹാമും കണ്‍വീനര്‍ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
153 ബൂത്ത്കളിലായി 700 വീട്ട് മുറ്റ സദസുകള്‍ നടന്നു. 11 പഞ്ചായത്തില്‍ നിന്നും മൂവാറ്റുപുഴ നഗരസഭ പരിധിയില്‍ നിന്നുമായി 25000 പേര് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന നവകേരള സദസില്‍ എത്തിച്ചേരും. പഞ്ചായത്ത് -ബൂത്ത് തല സംഘാടക സമിതി യോഗങ്ങളിലും, കുടുംബസദസുകളിലും ഉയര്‍ന്ന് വന്ന വിവിധങ്ങളായ വികസന വിഷയങ്ങളും, വ്യക്തികള്‍ സ്വന്തം നിലക്ക് തയ്യാറാക്കി വരുന്ന നിവേദങ്ങളും സ്വീകരിക്കാന്‍ 30 കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്നവര്‍, പൊതു വിഭാഗം എന്ന നിലയില്‍ ആണ് കൗണ്ടറുകളുടെ ക്രമീകരണം നടത്തിയിട്ടുള്ളത്.
ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് നിവേദനങ്ങള്‍ നല്‍കാം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഡിസംബര്‍ 10 ന് പെരുമ്പാവൂര്‍ വെങ്ങോല ഹമാര ഹാളില്‍ നടക്കുന്ന പ്രഭാത മീറ്റിംഗില്‍ മൂവാറ്റുപുഴയില്‍ നിന്ന് 65 പ്രതിനിധികള്‍ പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള വ്യക്തിത്വങ്ങളാണ് പ്രഭാത മീറ്റിംഗില്‍ മുഖ്യന്ത്രിക്കും, മന്ത്രിമാര്‍ക്കും ഒപ്പം പങ്കെടുക്കുന്നത്.
പഞ്ചവാദ്യം, തകിലു മേളം, ശിങ്കാരിമേളം, കഥകളിവേശം, മോഹിനി ആട്ടം, ഭരതനാട്യം, തെയ്യം, ഓട്ടന്തുള്ളല്, ചാക്യാര്‍കൂത്ത്, പൂക്കാവടി, ഗരുഡന് തൂക്കം, ചവിട്ടുനാടകം എന്നീ കലാരൂപങ്ങള്‍, അകമ്പടിയോടെ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സ്വീകരിക്കും. നവകേരള സദസിനോട് അനുബന്ധമായി ക്രിക്കറ്റ്, ഫുട്ബോള്‍ ,വോളിബോള്‍, സൈക്കിളിംഗ്, വടംവലി, കൂട്ടനടത്തം, പെനാല്‍ട്ടി കൂട്ട ഓട്ടം,ഷൂട്ട്ഔട്ട്, മെഗാതിരുവാതിര, ചിത്രരചന മല്‍സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. ഡിസംബര്‍ 8, 9 തീയതികളിലായി എല്ലാ പഞ്ചായത്തുകളിലും വിളംബര ജാഥകള്‍ നടക്കും.
മൂവാറ്റുപുഴ നിയോജകമണ്ടലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മൂവാറ്റുപുഴയിലെ സ്വീകരണത്തിന് ശേഷം നെഹ്രു പാര്‍ക്ക്, വാഴക്കുളം വഴി തൊടുപുഴയിലേക്ക് പോകുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജില്ലാ അതിര്‍ത്തിയില്‍ യാത്രയയപ്പ് നല്‍കും.പത്രസമ്മേളനത്തില്‍ സ്വാഗത സംഘം ഭാരവാഹികളായ പി എം ഇസ്മയില്‍, ഷാജി മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.


