മൂവാറ്റുപുഴ: ‘മിഷൻ ഡ്രഗ് ഫ്രീ മൂവാറ്റുപുഴ’ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ‘തൂഫാൻ’ പദ്ധതി മൂവാറ്റുപുഴയിൽ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പുനൽകി. നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി സമർപ്പിച്ച നിവേദനത്തിന് മറുപടിയായാണ് മന്ത്രിയുടെ ഉറപ്പ്.
കച്ചവട സ്ഥാപനങ്ങളുടെയും വ്യാപാര പ്രവർത്തനങ്ങളുടെയും മറവിൽ പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘങ്ങളെ കണ്ടെത്തി ഉന്മൂലനം ചെയ്യുന്നതിനും, ലഹരി വിൽപ്പനയും വിതരണവും തടയുന്നതിനും കർശന നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. നഗരത്തിലെ ഗതാഗത നിയന്ത്രണം ശക്തിപ്പെടുത്താൻ ട്രാഫിക് വിഭാഗത്തിൽ അധിക ഹോംഗാർഡുമാരെ നിയമിക്കണമെന്നും അഭ്യർഥിച്ചു.
‘മിഷൻ ഡ്രഗ് ഫ്രീ മൂവാറ്റുപുഴ’യുടെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും, തൂഫാൻ പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

