മൂവാറ്റുപുഴ: ഡോ. മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വിദ്യാസ്പർശം മെറിറ്റ് അവാർഡ് 26 ന് രാവിലെ 10 മണിക്ക് മൂവാറ്റുപുഴ അരമന പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഡോ. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ, മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജീഷ് ഷാനവാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മാത്യൂസ് വർക്കി, ഷെൽമി ജോൺസ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, സ്കൂളുകളിലെ പ്രധാന അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
എസ്എസ്എൽസി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായാണ് വിദ്യാസ്പർശം മെറിറ്റ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. കുട്ടികളുടെ നേട്ടങ്ങൾ പൊതുതലത്തിൽ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം മാതാപിതാക്കൾക്ക് കൂടി ആ നേട്ടങ്ങളിൽ പങ്കെടുക്കാനും മക്കൾ പൊതുവേദിയിൽ ആദരിക്കപ്പെടുന്നത് അഭിമാനത്തോടെ കാണുന്നതിനും വേണ്ടിയാണ് അവാർഡ് ക്രമീകരിച്ചിരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.


