തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ സര്‍ക്കാര്‍ കോളജുകള്‍ക്ക് നല്‍കിയിരുന്ന ‘സ്പെഷ്യല്‍ ഗ്രേഡ്’ പദവി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എറണാകുളം മഹാരാജാസ് കോളജ് അടക്കം സംസ്ഥാനത്തെ ഏഴ് പ്രശസ്തമായ ഗവണ്മെന്റ് കോളജുകളുടെ പദവിയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്. 1994-ലെ സ്പെഷ്യല്‍ റൂള്‍ പ്രകാരം നിലവില്‍ വന്ന പദവികളാണ് ഇപ്പോള്‍ ഇല്ലാതാകുന്നത്.ഏഴാം യുജിസി (UGC) റെഗുലേഷന് മാനദണ്ഡങ്ങള്‍ പരിശോധിച്ചതില്‍ ‘സ്പെഷ്യല്‍ ഗ്രേഡ് കോളജുകള്‍’ എന്നൊരു പ്രത്യേക വിഭാഗം നിലവിലില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വകുപ്പിന്റെ ഈ അടിയന്തര നടപടി.
പദവി നഷ്ടമായ പ്രമുഖ കോളജുകള്‍:
എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം വിമന്‍സ് കോളജ്, തലശേരി ബ്രണ്ണന്‍ കോളജ്, പാലക്കാട് വിക്ടോറിയ കോളജ്, പട്ടാമ്പി സംസ്കൃത കോളജ്, ചിറ്റൂര്‍ ഗവ. കോളജ്
നിയമനങ്ങളിലും പ്രമോഷനിലും വലിയ മാറ്റങ്ങള്‍
സ്പെഷ്യല്‍ ഗ്രേഡ് പദവി റദ്ദാക്കിയതിന് പിന്നാലെ പ്രസ്തുത കോളജുകളിലേക്ക് പുതിയ പ്രിന്‍സിപ്പല്‍മാരെ നിയമിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഈ തീരുമാനത്തോടെ കോളജ് പ്രിന്‍സിപ്പല്‍മാരുടെ സ്ഥാനക്കയറ്റ നിയമങ്ങളിലും കാര്യമായ മാറ്റങ്ങള്‍ വരും. മുന്‍പ് സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ഏറ്റവും മുതിര്‍ന്ന പ്രിന്സിപ്പല്മാരെയായിരുന്നു ‘സ്പെഷ്യല്‍ ഗ്രേഡ് പ്രിന്‍സിപ്പല്‍’ പദവിയിലേക്ക് ഉയര്‍ത്തിയിരുന്നത്. എന്നാല്‍ പുതിയ പരിഷ്കാരത്തോടെ, പ്രിന്‍സിപ്പല്‍ തസ്തിക ഇനി മുതല്‍ കോളജ് വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനക്കയറ്റത്തിനുള്ള ഫീഡര്‍ തസ്തികയായി (Feeder Post) മാറുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.


