തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല. ധനബില്ലിൽ നികുതി ഘടന തുടർന്നേക്കും. ബില്ല് പാസായാലും വിൽപന സാധ്യമല്ലെന്ന വാദമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിൻ്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു. ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്.
ജൂലൈ ഒന്നിന് അവതരിപ്പിക്കുന്ന ധനബില്ലിലാണ് നികുതി ഘടന തുടർന്നേക്കുക. നികുതി ഘടന ഉടൻ മാറ്റേണ്ടെന്ന അഭിപ്രായമാണ് നിലവിൽ മുഖ്യമന്ത്രി വി ഡി സതീശനുള്ളത്. വിവാദം അവസാനിപ്പിച്ചുവെന്ന നിലപാടിലാണ് എതിർപ്പ് ഉയർത്തിയിരുന്ന എക്സൈസ് മന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ.
അതിനിടെ, വിവാദ മദ്യനയത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി എം സുധീരൻ തുറന്നടിക്കുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ചത് പിൻവലിക്കണമെന്നും ധനബില്ലിൽ നികുതി ഘടന പാടില്ലെന്നും സുധീരൻ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു.


