മൂവാറ്റുപുഴ: വനംവകുപ്പിന്റെ ബില്ലുകളിൽ ക്രിത്രിമം കാണിച്ച കേസിൽ രണ്ട് വനം വകുപ്പുദ്യോഗസ്ഥരെ മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചു. കോടനാട് റെയ്ഞ്ച് ഓഫീസർ കമാലുദ്ദീൻ, മലയാറ്റൂർ ഡിവിഷൻ സെക്ഷൻ ഓഫീസർ വിജയകുമാർ എന്നിവരെയാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജി. രാജേഷ് ശിക്ഷിച്ചത്.
എട്ട് വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷിച്ചു. നാല് വകുപ്പുകളിലായി രണ്ട് വർഷം വീതമുള്ള തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. കോടനാട് റെയ്ഞ്ചിൽ വനാതിർത്തി ക്ലിയർ ചെയ്യാനും തീപിടുത്ത നിയന്ത്രണം ചെയ്യാനുമുള്ള കരാർ കുറുപ്പുംപടി പാണിയേലിൽ കല്ലിടുമ്പിൽ പി.കെ. രവി കൺവീനറായ സമിതിക്കായിരുന്നു. ഇതിന്റെ തുകയായ 24012/ രൂപ ഉദ്യോഗസ്ഥർ ബില്ലിൽ തിരിമറി നടത്തി കേസിലെ ഒന്നാം പ്രതി മലയാറ്റൂർ മുതിരപ്പറമ്പിൽ മോഹനന് നല്കിയെന്നാണ് കേസ്. പി.കെ. രവിയാണ് പരാതിക്കാരൻ.
ഉദ്യോഗസ്ഥർ ക്രിമിനൽ ഗൂഢാലോചന നടത്തി സാമ്പത്തിക തിരിമറി നടത്തി എന്നാണ് കേസ്. കേസിൽ വിജിലൻസ് പ്രോസിക്യൂട്ടർമാരായ എൽ.ആർ. രഞ്ജിത്കുമാർ, വി.എ. സ്മിത എന്നിവർ ഹാജരായി. ഡി.വൈ.എസ്. പി. മാരായ സി.എസ്. മജീദ്, എ.യു. അനിൽകുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്.


