റാന്നി: പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദർശിച്ചു. എല്ലാ വർഷവും പ്രളയം ആവർത്തിക്കുന്ന സാഹചര്യത്തിൽ സ്ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യ പദ്ധതി പത്തനംതിട്ടയിൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിൽ 133 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 6400ൽ കൂടുതൽ ആളുകൾ ക്യാമ്പിൽ ഉണ്ട്. തിരുവല്ല ഭാഗത്താണ് കൂടുതൽ ക്യാമ്പുകൾ ഉള്ളത്. വെള്ളം ഇറങ്ങാത്തതും ആ ഭാഗത്താണ്. ജില്ലാ ഭരണകൂടത്തിന് പൂർണഅധികാരം നൽകിയിട്ടുണ്ട്. ദുരന്തനിവാരണത്തിന് എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാം. ക്യാമ്പുകളിൽ ഭക്ഷണം ഏറ്റവും നല്ല രീതിയിൽ നൽകണം. ടോയ്ലറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ ബയോ ടോയ്ലറ്റ് സംവിധാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്നറിയിപ്പ് ലഭിച്ച് അൽപസമയത്തിനുള്ളിൽ തന്നെ വലിയ മഴ പെയ്യുന്ന സാഹചര്യമാണുള്ളത്. വനത്തിനകത്ത് മണ്ണിടിച്ചിൽ ഉണ്ടായി. അതുകൊണ്ടാണ് വെള്ളം കയറിയത്. ഇത് വനംവകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിഥി തൊഴിലാളികളും വലിയ ദുരിതം അനുഭവിക്കുന്നുണ്ട്. അവർക്കും ഭക്ഷണം നൽകാൻ സംവിധാനമുണ്ടാക്കും. എത്ര ഉദ്യോഗസ്ഥരെ വേണമെങ്കിലും നിയോഗിക്കാൻ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


