സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതിനിടെയും സുപ്രധാന ഭരണ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കണ്ടെത്തൽ. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നിർണായകമായ ഡെപ്യൂട്ടി കളക്ടർ ഉൾപ്പെടെ എട്ട് ഡെപ്യൂട്ടി കളക്ടർ (കെഎഎസ്) തസ്തികകളിലാണ് നിലവിൽ നിയമനം നടന്നിട്ടില്ല. ഇതിന് പുറമെ വിവിധ വകുപ്പുകളിലായി ആകെ 13 കെഎഎസ് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി പൂർത്തിയാക്കിയ 13 കെഎഎസ് ഉദ്യോഗസ്ഥർ നിയമനത്തിനായി കാത്തിരിക്കെ തസ്തികകൾ ആളില്ലാതെ തുടരുന്നതാണ് ശ്രദ്ധേയമായത്.
മലപ്പുറം ജില്ലയിലെ ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ തസ്തികയാണ് ഒഴിവുകളിലെ ഏറ്റവും പ്രധാനപ്പെട്ടത്. മഴയും വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ഏകോപന ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥനില്ലാത്തത് ഭരണപരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ പുനരധിവാസത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ തസ്തികയും നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനുപുറമെ തൃശൂർ ഡെപ്യൂട്ടി രജിസ്ട്രാർ, കാസർകോട് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, തിരുവനന്തപുരം അസിസ്റ്റന്റ് ഐജി (രജിസ്ട്രേഷൻ), തളിപ്പറമ്പ്, താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികകൾ, തിരുവനന്തപുരം ജില്ലാ ലോട്ടറി ഓഫീസർ എന്നിവ ഉൾപ്പെടെ ആകെ 13 കെഎഎസ് തസ്തികകളിലാണ് നിയമനം നടക്കാത്തത്.

