ഒരു കളവ് പറയാതെ സമാധാനം കിട്ടാത്ത ആളാണ് മുഖ്യമന്ത്രിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പേര് വെളിപ്പെടുത്താൻ ആകാത്ത നിക്ഷേപകനെ കാണാനാണ് ഹെലികോപ്റ്ററിൽ പോയതെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി ഭാര്യ പിതാവിനെ കാണാൻ ഹെലികോപ്റ്റർ ദുരുപയോഗം ചെയ്തത് എന്ന് റിപ്പോർട്ട് ചെയ്തത് മാധ്യമങ്ങളാണ്.
ദേശാഭിമാനിയോ കൈരളിയോ അല്ല. ഒരുവട്ടം പോയി ഇറങ്ങാൻ കഴിയാത്തതുകൊണ്ട് പിന്നെയും പോയി. പുറത്തു പറയാനാകാത്ത എന്ത് ഡീലിലാണ് ഹെലികോപ്റ്ററിൽ പോയതെന്ന് പറയുന്നില്ല. ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തപ്പോൾ ഇല്ലാ കഥകൾ ഇറക്കിയവരാണ് ഇപ്പോൾ പുതിയ കഥകളുമായി വരുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
കാലവർഷക്കെടുതിയിലെ രക്ഷാപ്രവർത്തനത്തിന് പാർട്ടി പ്രവർത്തകർ ഇറങ്ങണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ ഉറപ്പാക്കണം. ഇന്നലെ ദുരിതാശ്വാസ ക്യാമ്പിൽ പോയപ്പോൾ ആവശ്യമായ സൗകര്യങ്ങളില്ലെന്ന പരാതി ഉണ്ടായി. കഴിഞ്ഞ തവണ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ലെന്നാണ് പറഞ്ഞത്. ഒരു ക്യാമ്പിൻ്റെ മാത്രമല്ല കേരളത്തിൽ അങ്ങോളം ഇങ്ങോളം ക്യാമ്പുകളിൽ സൗകര്യങ്ങളില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.


