കൊച്ചി: എറണാകുളം ജില്ലയിലെ ഞാറയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തി നിര്‍മ്മാണം നടത്തി കൊണ്ടിരിക്കുന്ന ഐ മോസ്റ്റ് അക്കാദമി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന മാരിടൈം അക്കാദമിക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. എറണാകുളം വിജിലന്‍സ് റേഞ്ച് ഡി.വൈ.എസ്.പി എസ്. അഷാദിനാണ് അന്വേഷണ ചുമതല.
എറണാകുളം ജില്ലയിലെ ഞാറയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ജയ് ഹിന്ദ് വാര്‍ഡിലെ പുതുവല്‍ റോഡിന് സമീപത്തെ മൂന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയില്‍ മുപ്പതിനായിരത്തി ഇരുനൂറ് ചതുരശ്ര വിസ്തീര്‍ണ്ണത്തില്‍ ബഹു നിലകളിലായി നിര്‍മ്മിക്കുന്ന മാരിടൈം അക്കാദമിക്കെതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു വിജിലന്‍സ് ഡയറക്ടര്‍ മുമ്പാകെ 2020 നവംബറില്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
കായല്‍ പ്രദേശമായിട്ടുള്ള നിര്‍മ്മാണ മേഖലയില്‍ കണ്ടല്‍ക്കാടുകളും, പൊക്കാളി പാടങ്ങളും വെട്ടി നികത്തിയും തോടും, തോടു പുറമ്പോക്ക് കയ്യേറിയും തീരദേശ പരാപാലന ചട്ടം ലംഘിച്ചുമാണ് മാരി ടൈം അക്കാദമി നിര്‍മ്മാണം നടത്തുന്നതെന്നും പദ്ധതി പ്രദേശത്ത് ഇത്തരത്തില്‍ ബഹു നിലകളിലുള്ള വലിയ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ തീരദേശ പരിപാലന സംരക്ഷണ അതോറിട്ടി, ചീഫ് ടൗണ്‍ പ്ലാനര്‍ ഓഫീസ്, പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ്, അഗ്നിശമന സേന വിഭാഗം, നേവല്‍ സേന വിഭാഗം എന്നിവടങ്ങളില്‍ നിന്നും നേടേണ്ട അനുമതി പത്രം പോലും നേടാതെയും പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെയും ഐ മോസ്റ്റ് മാരിടൈം അക്കാദമിക്ക് ഞാറയ്ക്കല്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും BA 479/2014 നമ്പര്‍ പ്രകാരം കെട്ടിട നിര്‍മ്മാണത്തിന് 2014 മെയ് 21 ന് ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുകയും പിന്നീട് ഇതേ ബില്‍ഡിംഗ് പെര്‍മിറ്റ് 2017 ഒക്ടോബര്‍ 9 ന് പുതുക്കി നല്‍കുകയും ചെയ്തിട്ടുള്ളത് വന്‍ അഴിമതിയുടെ ഭാഗമാണെന്നാണ് ഗിരീഷ് ബാബുവിന്റെ പരാതിയില്‍ പറയുന്നത്.
ഞാറയ്ക്കല്‍ ഗ്രാമ പഞ്ചായത്തിന്റെ യാതൊരു വിധ അനുമതിയില്ലെതെയാണ് പദ്ധതി പ്രദേശത്ത് ചുറ്റുമതിലും, നീന്തല്‍ കുളവും നിര്‍മ്മാണം നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു. നിയമ വിരുദ്ധമായി കായലും തോടും പൊക്കാളി പാടവും നികത്തി നടത്തുന്ന അനധികൃത നിര്‍മ്മാണം മൂലം പദ്ധതി പ്രദേശത്തിന് ചുറ്റുമുള്ള സാധാരണക്കാരില്‍ സാധാരണക്കാരായ നിരവധി കൂലിപ്പണിക്കാരുടെയും പരമ്പരാഗത മത്സ്യ തൊഴിലാളികളുടെയും, വീടുകളും സ്ഥാപനങ്ങളും വെള്ളക്കെട്ടിലായെന്നും നിരവധി വീടുകള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും വേലിയേറ്റ, വേലിയിറക്ക സമയത്ത് പദ്ധതി പ്രദേശത്തെ പ്രദേശ വാസികള്‍ അതി രൂക്ഷമായ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പ്രദേശവാസികളുടെ കുടി വെള്ളം പോലും മലിനീകരിക്കപെട്ടുവെന്നും നൂറുകണക്കിന് പരമ്പഗാത മത്സ്യ തൊഴിലാളികളുടെ ആവാസ വ്യവസ്ഥയെ തകിടം മറിച്ചുവെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ മത്സ്യ സമ്പത്തിന്റെ വംശ നാശത്തിനും അക്കാദമിയുടെ അനധികൃത നിര്‍മ്മാണം കാരണമായെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഐ മോസ്റ്റ് അക്കാദമി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ മാരിടൈം അക്കാദമിയുടെ ഉടമയായകളമശ്ശേരി ഉണിച്ചിറ മാളിയേക്കല്‍ വീട്ടില്‍ ബാബു ജോസഫ്, ഞാറയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് ഭരണ കര്‍ത്താക്കള്‍, ഉദ്യോഗസ്ഥര്‍, റവന്യൂ അധികാരികള്‍, തീരദേശ പരിപാലന അതോറിറ്റി അധികാരികള്‍ എന്നിവരെ എതിര് കക്ഷികളാക്കിയാണ് ഗിരീഷ് ബാബു പരാതി സമര്‍പ്പിച്ചിട്ടുള്ളത്.


