കാക്കനാട്: വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്രമായ പദ്ധതികള്‍ തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് പറഞ്ഞു. പാലിയേറ്റീവ് രംഗത്ത് മാതൃകയാകുന്ന കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാര്ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച വയോജന പീഡന വിരുദ്ധ ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും ഉന്നമനത്തിനും മുന്‍ഗണന നല്‍കുമെന്നും പഞ്ചായത്തുകളില്‍ ഇതിനായി പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹോളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് സിന്റ ജേക്കബ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ഹൃതിക്ക് രഞ്ജന്‍ മുഖ്യാതിഥിയായി പ്രഭാഷണം നടത്തി.
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സിവില്‍ ജഡ്ജുമായ രജിത ആര്.ആര് ബോധവല്‍ക്കരണ ക്ലാസ് നടത്തുകയും സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ശ്രീദേവി മധു, ഷൈജോ പറമ്പി, പി.എ. മുക്താര്‍, റസിയ, അംഗങ്ങളായ ജോസഫ് മാര്ട്ടിന്, പി.എ.എം. ബഷീര്‍, ജോമി തെക്കേക്കര, ബിനി ഷാജി, മാത്യുസ് വര്‍ക്കി, നാദിര്‍ഷ, ഷെല്‍മി ജോണ്‍സ്, ജില്ലാ വയോജന കൗണ്‍സില്‍ അംഗങ്ങളായ പി.വി. സുഭാഷ്, അലി അക്ബര്‍, പീറ്റര്‍ കല്ലിയാട്ട്, വി.എന്‍. സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജോണ്‍ ജോഷി സ്വാഗതവും സീനിയര്‍ സൂപ്രണ്ട് എം.വി. സഞ്ജയന് കൃതജ്ഞതയും അര്‍പ്പിച്ചു. ഭാരത് മാതാ കോളേജ്, രാജഗിരി കോളേജ്, ലുര്‍ദ് കോളേജ് ഓഫ് നഴ്സിംഗ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും ഗവണ്മെന്റ് ഓള്‍ഡേജ് ഹോം, ഏലൂര്‍ നഗരസഭാ സായം പ്രഭ ഹോം, ഗവണ്മെന്റ് ആശാഭവന് അന്തേവാസികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.


