ബംഗളൂരു: കർണാടകയിൽ മതിൽ ഇടിഞ്ഞ് വീണ് എറണാകുളത്ത് നിന്നുള്ള കുടുംബശ്രീയുടെ വിനോദയാത്ര സംഘത്തിലെ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം. രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്.
പ്രീത, സിജി, മായ എന്നിവരാണ് പരിക്കേറ്റ മലയാളികൾ.
രാമമംഗലം പഞ്ചായത്തിലെ പത്താം വാർഡിലെ താമസക്കാരാണ് മരിച്ച രണ്ടുപേരും. അഞ്ചാം വാർഡിലെ അമൃതം ന്യൂട്രീക്ഷൻ ഫുഡിലെ ജീവനക്കാരാണ് ഇരുവരും. രാമമംഗലം സ്വദേശികളായ 56 അംഗസംഘമാണ് പഠനയാത്രയ്ക്ക് ഒപ്പം ഉണ്ടായിരുന്നത്. ബെംഗളൂരു ബൗറിംഗ് ആശുപത്രിയുടെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. മഴ കനത്തപ്പോൾ മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് കീഴിൽ നിന്നവരാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ വിമാനമാർഗം ബെംഗളൂരുവിലെത്തിയ സംഘം വൈകിട്ട് ഷോപ്പിങ്ങിനിറങ്ങിയ സമയത്താണ് കനത്ത മഴയും കാറ്റുമുണ്ടായത്. ഇതിനിടെ ആശുപത്രിയുടെ മതിലിനോട് ചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് ഇവർ മാറി. ഇതിനിടെയാണ് മതിലിടിഞ്ഞ് വീണത്. അപകടത്തിൽ മലയാളികളായ മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരും വിനോദയാത്രാ സംഘത്തിലെ അംഗങ്ങളാണ്.
ബുധനാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയ്ക്കിടെയാണ് ആശുപത്രി വളപ്പിലെ മതിൽ തകർന്നുവീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആശുപത്രിയുടെ മതിലിനോട് ചേർന്ന് തെരുവുകച്ചവടം നടത്തുന്നവരും കാൽനടയാത്രക്കാരുമാണ് അപകടത്തിൽപ്പെട്ട മറ്റുള്ളവർ. അപകടമുണ്ടായതിന് പിന്നാലെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
വിവരമറിഞ്ഞ് കെ സി വേണുഗോപാൽ എംപി മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിച്ചിരുന്നു. തുടർന്നു മുഖ്യമന്ത്രി സ്ഥലത്തെത്തി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ അദ്ദേഹം സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപയുടെ അടിയന്തര ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും അദ്ദേഹം ഉറപ്പുനൽകി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്. അതേസമയം സ്മിതയുടെയും ലതയുടെയും പോസ്റ്റുമോർട്ടം രാത്രി തന്നെ പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു. മൃതദേഹങ്ങൾ ഉച്ചയോടെ നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് അവർ.


