മൂവാറ്റുപുഴ: നാലു മുതൽ അഞ്ചു പതിറ്റാണ്ടുകളായി മാലിന്യങ്ങൾ കൂനകൂട്ടിയിരുന്ന നഗരസഭയുടെ ഡമ്പിംഗ് യാർഡ് ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി, ബാക്ക് ഫില്ലിംഗ് പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചു.
നഗരസഭ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയുമായി ചേർന്ന് കഴിഞ്ഞ ഭരണകാലത്ത് അനുവദിച്ച 10 കോടി രൂപ ചെലവിൽ, ഏകദേശം 15 അടി ഉയരത്തിൽ 6 ഏക്കർ സ്ഥലത്ത് കൂനകൂട്ടിയിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ബയോമൈനിംഗ് പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഒരു മാസത്തിനുള്ളിൽ മുഴുവൻ പ്രവർത്തനങ്ങളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
പ്രദേശത്തെ രണ്ട് സോണുകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് മുൻഭാഗത്തുള്ള ചെറിയ പ്രദേശം സോൺ ഒന്നും, വലിയ ഭാഗം സോൺ രണ്ടുമാണ്. ഇതിൽ വലിയ മേഖലയിലെ ബയോമൈനിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. നിലവിൽ മുൻഭാഗത്തെ പ്രദേശത്താണ് ബയോമൈനിംഗ് പുരോഗമിക്കുന്നത്. വലിയ മേഖലയിൽ നിന്ന് ലഭിച്ച ജൈവമണ്ണ് ഉപയോഗിച്ചാണ് ബാക്ക് ഫില്ലിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഈ പ്രവർത്തനങ്ങൾ പൂര്‍ത്തിയാക്കും.
ബയോമൈനിംഗ് പ്രക്രിയയിൽ മാലിന്യത്തിൽ നിന്ന് ആർ ഡി എഫ് വേർതിരിച്ചെടുത്ത ശേഷം ലഭിക്കുന്ന ജൈവമണ്ണ് ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് ബാക്ക് ഫില്ലിംഗിന് ഉപയോഗിക്കുന്നത്. ഈ മണ്ണിലെ രാസഘടകങ്ങൾ അംഗീകൃത പരിധിക്കുള്ളിലാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
ചെയർപേഴ്സൺ്റെ നേതൃത്വത്തിൽ സമീപവാസികളുമായി ചർച്ച നടത്തി, പരിശോധനാ റിപ്പോർട്ടുകൾ അവതരിപ്പിച്ചതിന് ശേഷമാണ് ബാക്ക് ഫില്ലിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.
45–50 വർഷങ്ങളായി മാലിന്യങ്ങൾ കൂനകൂട്ടിയിരുന്ന പ്രദേശത്തിന് ഇത് വലിയ മാറ്റത്തിന്റെ തുടക്കമാണെന്ന് നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി പറഞ്ഞു. തുടർപ്രവർത്തങ്ങൾക്കായി അനുവദിച്ചിരിക്കുന്ന 35 കോടി രൂപ വിനിയോഗിച്ച് ഈ സ്ഥലത്ത് മികച്ച വികസന പദ്ധതികൾ നടപ്പാക്കുമെന്നും അവർ അറിയിച്ചു.
വൈസ് ചെയർപേഴ്സൺ അബ്ദുൽ സലാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ രജിത പി, അസം ബീഗം, ജിനു മടേക്കൽ, ഷഹന മാഹിൻ, വാർഡ് കൗൺസിലർ ഷേർളി പൗലോസ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയിലെ ഉദ്യോഗസ്ഥർ, എഞ്ചിനീയർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ടെക്നിക്കൽ ആൻഡ് കമ്മ്യൂണിക്കേഷൻ ടീം എന്നിവർ സ്ഥലത്ത് സന്ദർശനം നടത്തി.
തുടർന്നുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി, കരാർ എടുത്ത സ്ഥാപനത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും, കെ എസ് ഡബ്ലിയു എം ബി ക്കും സംസ്ഥാന സർക്കാരിനും ചെയർപേഴ്സൺ കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.

