മുവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ 1 കോടി ചെലവില്‍ പുതിയ ക്രിമറ്റോറിയം
നിര്‍മ്മിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ജോയിസ് മേരി ആന്റണി പറഞ്ഞു. നിലവിലുള്ള ക്രിമറ്റോറിയത്തിന്റെ ബര്‍ണറിനും അധിക ബ്ലോവര്‍ സംവിധാനത്തിനും സൈക്ലോണ്‍ അനുബന്ധ സംവിധാനങ്ങള്‍ക്കുമായി 7 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
രണ്ട് ബര്‍ണറുകള്‍ ഉള്‍പ്പെടെ ഹിന്ദു ആചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. റൈഡ്കോ എന്ന സ്ഥാപനവുമായി വാര്‍ഷിക പരിപാലന കരാര്‍ ഒപ്പുവയ്ക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
നഗരസഭയുടെ ക്രിമേറ്റോറിയത്തില്‍ ആവശ്യമായ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ദിവസത്തേക്ക് മാത്രമാണ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ശ്മശാനവും ക്രിമേറ്റോറിയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ക്കെതിരെ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആയിരുന്നു വിശദീകരണം. ഹൈന്ദവ സമൂഹത്തിലെ വിവിധ സംഘടനാ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. നഗരസഭയുടെ നിലവിലെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ടെന്നും, നഗരസഭയുടെ നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണയുണ്ടെന്നും യോഗത്തില്‍ പങ്കെടുത്ത വിവിധ നേതാക്കള്‍ അറിയിച്ചു.
നഗരസഭയുടെ ആദ്യ പരിഗണനയില്‍ തന്നെ പുതിയ പദ്ധതി എത്രയും വേഗം നടപ്പിലാക്കുമെന്നും, കിഫ്ബി ഫണ്ടില്‍ അഡ്മിനിസ്ട്രേറ്റീവ് സാങ്ക്ഷന് ലഭിച്ചിട്ടുണ്ടെന്നും, ഉടന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു. യോഗത്തില്‍ വൈസ് ചെയര്മാന് പി.എം അബ്ദുല്‍ സലാം , സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ രജിത പി, ജിനു മടേക്കല്‍,ഷഹന മാഹിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


