കെ സി വേണുഗോപാലിൻറെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ എതിർത്തും അനുകൂലിച്ചും സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ കെ.സി യുടെ വിശ്വസ്തനായ മാത്യു കുഴലനാടന്റെ സ്വന്തം തട്ടകത്തിൽ വി ഡി സതീശന് വേണ്ടി പ്രവർത്തകർ തെരുവിലിറങ്ങി. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്കാണ് മൂവാറ്റുപുഴ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വിഡി സതീശന് വേണ്ടി പ്രവർത്തകർ ജാഥ നടത്തിയത്. പടന്നയിച്ച വിഡി കേരളം ഭരിക്കട്ടെ എന്ന ബാനറുമായാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്.
മുൻ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജി മുണ്ടാടൻ,സെലി ലൈഫ് ബോയി,മുഹമ്മദ് ബാവ , ഷെലീൽ മറ്റപ്പനാൽ , ഷാൻ പട്ടമ്മാകുടി , ഉറൂബ്, റഫീഖ് തോപ്പിൽ, സാലി ചെറുകപള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.
സോഷ്യൽ മീഡിയയിലും വ്യാപകമായി വി ഡി അനുകൂല പോസ്റ്ററുകളാണ് പ്രവർത്തകർ ഷെയർ ചെയ്യുന്നത്. മാത്യു കുഴലനാടന്റെ പരസ്യമായ കെ സി അനുകൂല നിലപാടുകളാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ദിവസം കോൺഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് കോൺഗ്രസിൻ്റ ആഭ്യന്തര കാര്യമാണന്നും മുസ്ലീം ലീഗ് ഇടപെടണ്ട എന്ന കുഴൽ നാടൻ്റെ പ്രസ്താവനക്കെതിരെ
ആയവന ഗ്രാമപഞ്ചായത്തിലെ പുന്ന മറ്റത്താണ് ലീഗ് – യൂത്ത് ലീഗ് പ്രവർത്തകർ കുഴൽനാടൻ്റെ
ചിത്രം കത്തിച്ചത്. പുന്നമറ്റത്ത് ലീഗ് സ്ഥാപിച്ചിരുന്ന വി ഡി സതീഷൻ, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, മാത്യു കുഴല നാടൻ എന്നിവരുടെ ചിത്രങ്ങൾ അടങ്ങിയ ഫ്ളക്സ് ബോർഡിൽ നിന്നും മാത്യു കുഴല നാടൻ്റെ ചിത്രവും നീക്കം ചെയ്ത പ്രതിഷേധക്കാർ മാത്യുവിന്റെ കോലം കത്തിച്ചിരുന്നു.


