മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കളക്ടർ അടിയന്തര ഇടപെടൽ നടത്തണമെന്ന് മുൻ എം.എൽ.എ. എൽദോ എബ്രഹാം ആവശ്യപ്പെട്ടു.
വേനൽ കടുത്തതോടെ ജലാശയങ്ങൾ വറ്റിവരണ്ടു. കിണറുകളിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. പുഴയിലെ ജലനിരപ്പ് താഴ്ന്നത് പമ്പിംഗ് സ്റ്റേഷനുകളുടെ സാധാരണ നിലക്കുള്ള പ്രവർത്തനങ്ങളെ അവതാളത്തിലാക്കി. ആയവന മണപ്പുഴയിൽ പമ്പിംഗ് സ്റ്റേഷന് സമീപം മാലിന്യം കുമിഞ്ഞ് കൂടിയത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. പി.വി.ഐ.പി.,എം.വി.ഐ.പി കനാലുകൾ വഴിയുള്ള ജലവിതരണത്തിൽ കാലതാമസമുണ്ടാകുന്നത് പ്രാദേശിക കുടിവെള്ള പദ്ധതി പ്രവർത്തനത്തെയും തടസപ്പെടുത്തി. ജല ജീവൻ മിഷൻ പദ്ധതികളാവട്ടെ പാതിവഴിയിൽ നിലച്ചു.
വാളകം പഞ്ചായത്തിലെ കടാതി പറയിരുതോട്ടം പമ്പ് ഹൗസിലെ 2 മോട്ടറുകൾ തകരാറിലായതോടെ ഏപ്രിൽ 12 മുതൽ വാളകത്തെ 15 വാർഡുകളിലും ജല വിതരണം മുടങ്ങി.
ഇവിടെ പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നെങ്കിലും കാര്യക്ഷമമല്ല.
മൂവാറ്റുപുഴ നഗരസഭ പരിധിയിൽ കിഴക്കേക്കര, വാഴപ്പിള്ളി, ആനച്ചാൽ, കുര്യൻ മല, പായിപ്ര പഞ്ചായത്തിലെ കൂരിക്കാവ്, മാനാറി, അയ്യപ്പൻ നഗർ, തേരാപ്പാറ, കറുകപ്പിള്ളി, ശൂലംകുഴി, നിരപ്പ്, അയിരുമല, മൂങ്ങാച്ചാൽ, പെരുമറ്റം, ആട്ടായം എന്നിവിടങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാണ്.
മഞ്ഞള്ളൂർ പഞ്ചായത്തിലെ ചക്കിപ്പാറ, പൈങ്ങോട്ടൂർ പഞ്ചായത്തിലെ പൊതക്കുളം, മണിപ്പാറ, കടവൂർ , ഞാറക്കാട്, മാവും തൊട്ടി,കല്ലൂർക്കാട് പഞ്ചായത്തിൽ മണലി പീടിക, മലനിരപ്പ്,ചാറ്റു പാറ, ചെമ്പൻ മല, മരുതൂർ, മണിയന്ത്രം എന്നിവിടങ്ങളിലും വെള്ളം ലഭ്യമാക്കാൻ അധികൃതർ തയ്യാറാകാത്തത് വലിയ ജനരോഷത്തിന് ഇടയായിട്ടുണ്ട്.
ആവോലി പഞ്ചായത്തിലെ വടക്കും മല,നെല്ലിപ്പിള്ളി കവല, നടുക്കര,കാവന, മാറാടി പഞ്ചായത്തിൽ വിലങ്ങു പാറ എന്നീ കേന്ദ്രങ്ങളിലും ജലലഭ്യത ഉറപ്പാക്കാൻ ഉത്തരവാദിത്വപ്പെട്ട അധികാരികൾ ശ്രമിക്കുന്നില്ല.
കടുത്ത വേനൽ തുടരുന്ന സാഹചര്യം കണക്കാക്കി താലൂക്ക് തലത്തിൽ ഫണ്ട് അനുവദിച്ച് ശുദ്ധജലം ടാങ്കറുകളിൽഎത്തിക്കാൻ കളക്ടർ മുൻകൈ എടുക്കണമെന്നും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും, വകുപ്പ് തല ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ഉടൻ വിളിക്കണമെന്നും മുൻ എം.എൽ.എ. എൽദോ എബ്രഹാം ആവശ്യപ്പെട്ടു.
വാളകത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പ്രതിഷേധവുമായി എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ രംഗത്തെത്തി. വാട്ടർ അതോറിറ്റി ഓഫീസിൽ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ ആയിരുന്നു പ്രതിഷേധം. അടിയന്തരമായി കുടിവെള്ളക്ഷാമം പരിഹരിച്ചില്ലെങ്കിൽ കൂടുതൽ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് നേതാക്കൾ പറഞ്ഞു.


