മുവാറ്റുപുഴ: നഗരസഭ പരിധിയില്‍ നിരവധി പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നായയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പേ വിഷബാധ സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ആദ്യം 9 പേര്‍ക്ക് മാത്രമാണ് കടിയേറ്റതായി റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും, പരിശോധനയില്‍ 13 പേര്‍ക്ക് നായയുടെ ആക്രമണം ഉണ്ടായതായി കണ്ടെത്തി. ഇവര്‍ക്കെല്ലാം ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കടിയേറ്റ എല്ലാവര്ക്കും ആദ്യ ഡോസ് വാക്സിന് ഇതിനകം നല്കിയതിനാല് ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സമാന ലക്ഷണങ്ങളുള്ള മറ്റൊരു നായയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളതിനാല്‍, ഡോഗ് കാച്ചേഴ്സിനെ വിളിപ്പിച്ച് നടപടി സ്വീകരിക്കാനും നഗരപരിധിയിലെ നായകള്‍ക്ക് വ്യാപകമായി വാക്സിനേഷന് നല്‍കുന്നതിനുള്ള ക്യാമ്പ് ആരംഭിക്കാനും നഗരസഭ തീരുമാനിച്ചു.
നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും നഗരസഭ ശക്തമായി സ്വീകരിക്കുമെന്നും ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി അറിയിച്ചു. യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ പി.എം. അബ്ദുല്‍ സലാം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന്മാരായ ജിനു മടേക്കല്‍, സി.എം. ഷുക്കൂര്‍, പി. രജിത, ഷഹന മാഹിന്‍
ഗവണ്മെന്റ് ആശുപത്രി അധികൃതര്‍, വെറ്റിനറി ആശുപത്രി പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


