മൂവാറ്റുപുഴ: മൂവാറ്റുപുഴ പോക്സോ കോടതി ഫെബ്രുവരി 20ന് പ്രവര്‍ത്തനമാരംഭിക്കും. കോടതി സമുച്ചയത്തിലെ അഡ്വ. കെ.ഒ. യോഹന്നാന് മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കോടതിയുടെ ഉദ്ഘാടനം കേരള ഹൈക്കോടതി സീനിയര്‍ ജഡ്ജി ജസ്റ്റിസ് സി.റ്റി. രവികുമാര്‍ നിര്‍വഹിക്കും. എറണാകുളം ജില്ലാ ജഡ്ജി ഡോ. കൗസര്‍ എടപ്പഗത്ത് അദ്ധ്യക്ഷത വഹിക്കും.
എറണാകുളം ജില്ലയിലെ രണ്ടാമത്തെ സ്ഥിരം പോക്സോ കോടതിയാണ് മൂവാറ്റുപുഴയില്‍ തുടങ്ങുന്നത്. ആദ്യത്തെ കോടതി എറണാകുളത്താണ് പ്രവര്‍ത്തിക്കുന്നത്. പോക്സോ കേസ്സുകള്‍ വിസ്തരിക്കുവാനു ള്ള രണ്ടു ഫാസ്റ്റ് ട്രാക്ക് കോടതികള്‍ പെരുമ്പാവൂരിലും ആലുവയിലും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടു വര്‍ഷക്കാലത്തേക്കാണ് പെരുമ്പാവൂരും ആലുവയിലും കോടതികള്‍ പ്രവര്‍ത്തിക്കുക. മൂവാറ്റുപുഴയില്‍ നിന്നുമായിരിക്കും ഇനി മുതല്‍ കേസ്സുകള്‍ ആലുവക്കും പെരുമ്പാവൂര്‍ക്കും കേസ്സുകള്‍ വിസ്തരിക്കുവാന്‍ നല്‍കുക. പോക്സോ കേസ്സില്‍ ഉള്‍പ്പെടുന്ന പ്രതികളെ ഹാജരാക്കുന്നതും റിമാന്റ് ചേയ്യേണ്ട നടപടിക്രമങ്ങളും ജാമ്യവും എല്ലാം ഇനി മുതല്‍ മൂവാറ്റുപുഴ പോക്സോ കോടതിയിലൂടെയായിരിക്കും.
കോടതി സമുച്ചയത്തില്‍ രാവിലെ 9-30 ന് നടക്കുന്ന ചടങ്ങില്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ജോണി മെതിപ്പാറ, അഡീഷണല്‍ ജില്ലാ ജഡ്ജി കെ.എന്‍. പ്രഭാകരന്, ബാര്‍ അസോസിയേഷന് സെക്രട്ടറി അഡ്വ. ജോബി ജോസ് മുന്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ജോഷി ജോസഫ്, പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ടിഗ്ഗിന്സ് ജോര്‍ജ്ജ്, അഡ്വ. ക്ലാര്‍ക്ക് അസോസിയേഷന് പ്രസിഡന്റ് കെ.എം. ജോസഫ് എന്നിവര്‍ പ്രസംഗിക്കും.

പുതിയ പോക്സോ കോടതിയുടെ രൂപീകരണത്തിന്റെ നാള്‍വഴികള്‍:
എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരിയില്‍ ഒരു പോക്സോ കോടതി തുടങ്ങുന്നതായി അറിയിച്ചുകൊണ്ട് പത്രങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് ഇവിടെ ഒരു പോക്സോ കോടതി തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനത്തിന് ആരംഭം കുറിക്കുന്നത്. വാര്‍ത്ത പത്രത്തില്‍ കണ്ട അന്ന് തന്നെ ബാര്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് അഡ്വ. എന്‍.പി. തങ്കച്ചന്, അന്നത്തെ ബാര്‍ അസോസിയേഷന് പ്രസിഡണ്ട് അഡ്വ. ജി. സുരേഷ്, മുന്‍ ബാര്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് അഡ്വ. സികെ ആരിഫ് എന്നിവര്‍ എറണാകുളം ജില്ലയുടെ ചാര്‍ജ് വഹിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അബ്ദുറഹീമിന് നിവേദനം നല്കി. എറണാകുളത്ത് ഒരു പോക്സോ കോടതി പ്രവര്‍ത്തിക്കുന്നതിനാല്‍ പുതിയ പോക്സോ കോടതി എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയായ മൂവാറ്റുപുഴയില്‍ അനുവദിച്ച് തരണമെന്ന് അഭ്യര്‍ത്ഥിച്ചു.
പെരുമ്പാവൂര്‍, ആലുവ ബാര്‍ അസോസിയേഷനും ഈ ആവശ്യം ഉന്നയിച്ചു. പിന്നീട് ഇത് സംബന്ധിച്ച് മൂന്ന് കോര്‍ട്ട് സെന്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഹൈക്കോടതി ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ ആണ് പോക്സോ കോടതി തുടങ്ങുവാന്‍ ഏറ്റവും അനുയോജ്യമെന്ന് കാണിച്ച് അന്നത്തെ മൂവാറ്റുപുഴ ബാര്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് അഡ്വ. ജി സുരേഷ് വിശദമായ റിപ്പോര്‍ട്ട് ജില്ലാ ജഡ്ജി കൗസര്‍ ഇടപ്പഗത്തിന് നല്കി. അഡീഷണല്‍ ജില്ലാ ജഡ്ജി കെഎന്‍ പ്രഭാകരന് നല്കിയ റിപ്പോര്‍ട്ടും കോടതി മൂവാറ്റുപുഴക്ക് നല്‍കണമെന്നായിരുന്നു.
2019 ഡിസംബറില്‍ പോക്സോ കോടതി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ എറണാകുളം ജില്ലയുടെ ചാര്‍ജ്ജ് വഹിച്ചിരുന്ന ജസ്റ്റിസ് അബ്ദുള്‍ റഹിം പരിഗണിക്കുകയും കോടതി മുവാറ്റുപുഴക്ക് അനുവദിച്ച തീരുമാനമെടുക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ തീരുമാനം ഫുള്‍ കോര്‍ട്ട് കമ്മറ്റിയില്‍ പാസ്സാക്കിയെടുക്കുകയും ചെയ്തു.
സംസ്ഥാനത്ത് 28 താല്‍ക്കാലിക പോക്സോ കോടതി തുടങ്ങുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം ആരംഭിച്ചപ്പോള്‍ അതിലൊരെണ്ണം ആലുവയ്ക്കും മറ്റൊരെണ്ണം പെരുമ്പാവൂര്‍ക്കും അനുവദിക്കുകയായിരുന്നു.
മൂവാറ്റുപുഴക്ക് പോക്സോ കോടതി നല്‍കുന്നതിന് ഏറെ കാര്യങ്ങള്‍ ചെയ്ത് സഹായിച്ച മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അബ്ദുള്‍ റഹിം, ജില്ലാ ജഡ്ജി കൗസര്‍ എടപ്പഗത്ത് എന്നിവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.


