ആലപ്പുഴ പുന്നമടക്കായലില്‍ ആഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ ‘ വള്ളം തുഴയുന്ന വേഴാമ്പല്‍’ കെ. സി. വേണുഗോപാല്‍ എം.പി പ്രകാശനം ചെയ്തു. ചലച്ചിത്രതാരം ഭാമ ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. ചടങ്ങില്‍ എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം. ലിജു മുഖ്യാതിഥിയായിരുന്നു. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ആലപ്പുഴയെ അടയാളപ്പെടുത്തുന്ന കായിക വിനോദമാണ് വള്ളംകളിയെന്ന് കെ. സി. വേണുഗോപാല്‍ എം.പി പറഞ്ഞു. കുട്ടനാടിന്റെ കാര്‍ഷിക, കായിക മേഖലകളുടെ കരുത്ത് തെളിയിക്കുന്ന വിനോദമാണിത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ ലോകോത്തര നിലവാരത്തിലേക്ക് വള്ളംകളിയെ ഉയര്‍ത്തിക്കൊണ്ടുവരാനും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായങ്ങള്‍ ഉറപ്പാക്കാനുമുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി എം. ലിജു ചലച്ചിത്രതാരം ഭാമയെ ചടങ്ങില്‍ ആദരിച്ചു.
‘കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ… കൊട്ടുവേണം കുഴല്‍ വേണം കുരവവേണം…’ എന്ന പ്രശസ്തമായ വഞ്ചിപ്പാട്ട് പാടിയാണ് ഭാമ ഭാഗ്യചിഹ്ന പ്രകാശന ചടങ്ങ് ചേതോഹരമാക്കിയത്. കേരളത്തിന്റെ അഭിമാനവും മുഖമുദ്രയുമാണ് വള്ളംകളിയെന്ന് ഭാമ പറഞ്ഞു. ഓരോ വള്ളംകളി തുഴച്ചില്‍ക്കാരും വലിയൊരു സന്ദേശമാണ് നല്‍കുന്നത്. അതിര്വരുമ്പുകള്കള് ഇല്ലാതെ
ഒറ്റക്കെട്ടായി നിന്നാല്‍ ഏതു പ്രശ്നത്തെയും മറികടന്ന് ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന് വള്ളംകളി നമ്മെ ഓര്‍മ്മപ്പെടുത്തുന്നതായി ഭാമ പറഞ്ഞു.
72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്ന നിര്‍ണയവുമായി ബന്ധപ്പെട്ട് 148 എന്‍ട്രികളാണ് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചത്. പുന്നപ്ര പുത്തന്‍വെളിയില്‍ ഗ്രാഫിക് ഡിസൈനറായ ഹരിണാണ് ഭാഗ്യചിഹ്ന മത്സരത്തില്‍ വിജയിയായത്. യുവാക്കള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘റാം c/o ആനന്ദി’ എന്ന നോവലിന്റെ കവര്‍ ചെയ്തതും ഇദ്ദേഹമാണ്. മാവേലിക്കര രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ അപ്ലൈഡ് ആര്‍ട്സ് ലെക്ചറര്‍മാരായ കെ. എ. ഷാഖിര്‍, വി. എം. ബിനോയി, ആര്‍ട്ടിസ്റ്റ് സതീഷ് വാഴവേലില്‍ എന്നിവരായിരുന്നു ഭാഗ്യചിഹ്നത്തിന്റെ വിധികര്‍ത്താക്കള്‍.
ആലപ്പുഴ കളപ്പുര സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ പബ്ലിസിറ്റി കമ്മറ്റി സംഘടിപ്പിച്ച പ്രകാശനച്ചടങ്ങില്‍ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ ഷാജി വി. നായര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എ. ഡി. തോമസ്, ജി. സുധാകരന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്, നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി. പ്രേംജി, ആലപ്പുഴ ആര്.ഡി.ഓയും എന്‍.ടി.ബി.ആര് സൊസൈറ്റി സെക്രട്ടറിയുമായ ജെ. മോബി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറും പബ്ലിസിറ്റി കമ്മറ്റി കണ്‍വീനറുമായ കെ. എസ്. സുമേഷ്, നഗരസഭാംഗങ്ങളായ ബെന്നി ജോസഫ്, എ.എം.നൗഫല്‍, ബിജി ശങ്കര്‍, പബ്ലിസിറ്റി കമ്മറ്റി പ്രതിനിധി സി.പ്രദീപ് എന്നിവര്‍ സംസാരിച്ചു. പബ്ലിസിറ്റി കമ്മറ്റി അംഗങ്ങളായ ഡോ.നെടുമുടി ഹരികുമാര്‍, എ.എന്‍.പുരം ശിവകുമാര്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് റോയി കൊട്ടാരച്ചിറ, എ.കബീര്‍, ടി.ആര്.ആസാദ്, അഡ്വ.ജി.മനോജ് കുമാര്‍, കെ.നാസര്‍, രമേശന് ചെമ്മാപറമ്പില്‍, നസീര്‍ പുന്നയ്ക്കല്‍, അബ്ദുല്‍സലാം ലബ്ബ, സുഭാഷ് ബാബു, പി.കെ.ബൈജു, റോയി പാലത്ര, എബി തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


