കൊച്ചി: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന അര്ജുന് ആയങ്കിയുടെ രണ്ട് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തു. അര്ജുന് ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ് കസ്റ്റഡിയിലായത്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ സ്വദേശികളാണിവര്‍. ആയങ്കിയെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാണ്.
നേരത്തെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അര്ജുന് ആയങ്കി ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിക്കും വെല്ലുവിളി. പൊലീസിനെ വെല്ലുവിളിച്ചവര്‍ക്ക് ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാമെന്നും ഗുണ്ടകളെയും ക്രിമിനലുകളെയും നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഫേസ്ബുക് പോസ്റ്റ്.
‘ഞാനും എന്റെ സുഹൃത്തുക്കളും പ്രതിചേര്‍ക്കപ്പെട്ട് ജയിലലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാന്‍, ശേഷം ഞാന്‍ നിരപരാധിയെങ്കില്‍ കള്ളക്കേസെടുത്ത് അധികാരദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ ഞാന്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്. വളര്‍ന്ന പാര്‍ട്ടി വേറെയാണ്.’ -അര്ജുന് ആയങ്കി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ മാധ്യമങ്ങളെയും പൊലീസിനെയും കുറ്റപ്പെടുത്തി അര്ജുന് ആയങ്കി ഇന്നലെ പോസ്റ്റിട്ടിരുന്നു. താന്‍ എഴുതിയ തുറന്ന കത്ത് ഭീഷണിക്കത്താക്കി മാറ്റിയത് മാധ്യമങ്ങളും പൊലീസുമാണെന്നാണ് അര്ജുന് ആയങ്കിയുടെ വാദം. പെന്ഷന് വാങ്ങി ജീവിക്കാന്‍ സമ്മതിക്കില്ല എന്നതിന്റെയര്‍ത്ഥം കൊന്നുകളയുമെന്നാണെന്ന് വിധിച്ചത് വായിച്ചവന്റെ തെറ്റാണ്. പൊലീസ് ജോലിയില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത തെറ്റുകാരനായ അയാളുടെ ജോലി കളയിപ്പിക്കും എന്നതാണ് ഞാനര്‍ത്ഥമാക്കിയത് -അര്ജുന് ആയങ്കി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.


