കൊച്ചി: ഭര്‍ത്താവിനെ സ്വന്തം മാതാപിതാക്കളില്‍നിന്ന് അകറ്റാന്‍ കാരണമില്ലാതെ വീട് മാറി താമസിക്കാന്‍ ഭാര്യ നിര്‍ബന്ധം പിടിക്കുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരതയെന്ന് ഹൈക്കോടതി. മാതാപിതാക്കളില്‍ നിന്ന് ഭര്‍ത്താവിനെ കാരണമില്ലാതെ അകറ്റാന്‍ ശ്രമിക്കുന്നത് മാനസിക പീഡനമായി കണക്കാക്കാമെന്നും കണ്ണൂര്‍ സ്വദേശിക്ക് വിവാഹമോചനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റിസ് സതീഷ് നൈനാന്, ജസ്റ്റിസ് പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. 2015ല്‍ വിവാഹിതരായ ദമ്പതികള്‍ നല്കിയ വിവാഹ മോചന ഹരജിയാണ് കോടതി പരിഗണിച്ചത്.
യുവതിയും ഭര്‍ത്താവിന്റെ അമ്മയുമായി ചെറിയ പ്രശ്നം മാത്രമേയുള്ളൂവെന്ന് കാട്ടി കുടുംബ കോടതി നേരത്തെ വിവാഹമോചന ഹരജി തള്ളിയിരുന്നു. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. അപ്പീല്‍ അനുവദിച്ച കോടതി, ദമ്പതികളുടെ വിവാഹബന്ധം വേര്‍പെടുത്തി ഉത്തരവിട്ടു.


