കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും ഒരു ഓൺലൈൻ മാധ്യമത്തിനുമെതിരെ നൽകിയ പരാതിയിൽ പോലീസ് നടപടി സ്വീകരിക്കാത്തതിനെതിരെ നടി അൻസിബ നിയമപോരാട്ടം ശക്തമാക്കുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ പാലാരിവട്ടം സ്റ്റേഷൻ ഹൗസ് ഓഫീസറെയും എറണാകുളം സിറ്റി പോലീസ് കമ്മീഷണറെയും പ്രോസിക്യൂട്ട് ചെയ്യാൻ കോടതിയുടെ അനുമതി തേടി ഹരജി നൽകാനാണ് അൻസിബയുടെ തീരുമാനം.
ലക്ഷ്മിപ്രിയ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായ മാനഹാനിക്ക് ഇടയാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി. ഈ അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി തവണ പരാതി നൽകിയിട്ടും പോലീസ് കേസെടുക്കുകയോ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ ചെയ്തില്ലെന്നാണ് അൻസിബയുടെ ആരോപണം.
ഈ വിഷയത്തിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ നടന്ന വാദത്തിനിടെ, പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്നും ഇത് മാനനഷ്ടവുമായി ബന്ധപ്പെട്ട വിഷയമായി മാത്രമേ കാണാനാകൂവെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. കേസിൽ കോടതി വിധി പിന്നീട് പ്രഖ്യാപിക്കാനിരിക്കുകയാണ്.
അതേസമയം, ലക്ഷ്മിപ്രിയയുമായി ബന്ധപ്പെട്ട മറ്റൊരു പരാതിയിൽ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി നേരത്തെ പോലീസിനോട് അന്വേഷണം നടത്താൻ നിർദേശിക്കുകയും തുടർന്ന് ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, വനിതാ സെൽ എസ്ഐ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ആ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പുതിയ ഹരജിയിലൂടെ, പരാതി ലഭിച്ചിട്ടും നിയമാനുസൃത നടപടി സ്വീകരിക്കാതിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കോടതി ഇടപെടൽ വേണമെന്നാണ് അൻസിബയുടെ ആവശ്യം.


