തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഒത്താശ ചെയ്തുവെന്ന ആരോപണത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു. നവകേരള യാത്രക്കിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘം ആക്രമിച്ചെന്ന കേസാണിത്. കേസിൽ നിന്ന് സുരക്ഷാ ജീവനക്കാരെ രക്ഷിക്കാൻ അജിത് കുമാറിന്റെ ഓഫീസ് ഇടപെട്ടുവെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം എസ്.ഐ.ടി റിപ്പോർട്ട് നൽകിയിരുന്നു.
ഈ റിപ്പോർട്ട് പരിശോധിച്ച സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി. കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആരോപണത്തിൽ ഡി.ജി.പി അജിത് കുമാറിനോട് വിശദീകരണം തേടിയിരുന്നു. കേസ് ഡയറി തിരുത്തിയ സമയത്ത് താൻ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നുവെന്ന് അജിത് കുമാർ മറുപടി നൽകി. എന്നാൽ സ്ഥലത്തില്ലെങ്കിലും അജിത് കുമാറിന്റെ നിർദേശപ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്.ഐമാർ കേസ് ഡയറി തിരുത്തിയതായി എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും അത് പരിഗണിക്കാതെയാണ് നടപടിയിലേക്ക് കടന്നത്.
അഗ്നിരക്ഷാ വിഭാഗം മേധാവി നിതിൻ അഗർവാൾ ജൂലൈ 31ന് വിരമിക്കുന്നതോടെ ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അജിത് കുമാർ. സസ്പെൻഷനോടെ അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം ഇപ്പോൾ മുടങ്ങും.


