മൂവാറ്റുപുഴ : പോത്താനിക്കാട് അന്ധ വനിത പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ഒപ്പം ഓണാഘോഷത്തിന് തുടക്കമിട്ട് മാത്യു കുഴല്നാടന് എംഎല്‍എ. ഇന്നലെ ജനപ്രതിനിധികള്‍ക്കൊപ്പം എത്തിയായിരുന്നു ഓണാഘോഷം. മാത്യു കുടല് നാടന്‍ എംഎല്‍എയുടെ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി അന്തേവാസികള്‍ക്ക് ഓണക്കോടികള്‍ നല്കി. അവര്‍ക്കൊപ്പം സദ്യയുണ്ടാണ് എംഎല്‍എയും സഹപ്രവര്‍ത്തകരും മടങ്ങിയത്.
1986 ലാണ് ഈ സ്ഥാപനം പോത്താനിക്കാട് പ്രവര്‍ത്തനം ആരംഭിച്ചത്. കേരള ഫെഡറേഷന് ഓഫ് ബ്ലയ്ന്ഡിന് സൗജന്യമായി കിട്ടിയ സ്ഥലത്ത്, സുമനസ്സുകളായ നാട്ടുകാരുടെ സഹായത്തോടെയാണ് പ്രസ്തുത സ്ഥാപനവും, അനുബന്ധ കെട്ടിടങ്ങളും പണി കഴിപ്പിച്ചത്. തുടക്കത്തില്‍ കേന്ദ്രസാമൂഹ്യനീതി വകുപ്പിന്റെ ഗ്രാന്‍ഡ് അന്ധവനിതകളുടെ തൊഴില്‍ പരിശീലനത്തിനായി ലഭിച്ചിരുന്നു എന്നാല്‍ 2000 മുതല്‍ കേന്ദ്രഗവണ്മെന്റ് നല്കി വന്നിരുന്ന ഗ്രാന്‍ഡ് നിര്‍ത്തലാക്കിയതോടെ ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായി.
38വര്‍ഷം മുന്‍പ് പണിത ഹോസ്റ്റല്‍ കെട്ടിടം ഇപ്പോള്‍ ജീര്‍ണാവസ്ഥയിലാണ്. കെട്ടിടത്തിനു സുരക്ഷാഭീഷണി ഉള്ളതുകൊണ്ടും, ഇവരെ സംരക്ഷിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളത് കൊണ്ടും കൂടുതല്‍ വനിതകളെ പാര്‍പ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. തിരികെ പോകാന്‍ യാതൊരു ഇടവുമില്ലാത്ത ഇരുപത്തഞ്ചോളം അന്ധസഹോദരിമാര് എപ്പോഴും ഇവിടെ പരിമിതമായ സാഹചര്യങ്ങളില്‍ താമസിച്ചു വരികയാണ്
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോര്‍ജ്, പഞ്ചായത്ത് പ്രസിഡന്റ് സജി കെ വര്‍ഗീസ് , വൈസ് പ്രസിഡന്റ് ആശാ ജിമ്മി, സാലി ഇയ്പ്പ് – ബ്ലോക്ക് പഞ്ചായത്ത് അംഗം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാജി സി ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് എന്‍ എം, ജോസ് വര്‍ഗീസ്, ജിനു മാത്യു, ഫിജിന അലി, ഡോളി സജി, ബ്ലൈന്‍ഡ് വുമണ്‍സ് വെല്‍ഫെയര്‍ ഡെവലപ്മെന്റ് സെന്റര്‍- ചെയര്മാന് ജിന്‍സ് ജോര്‍ജ്, കേരള ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡ് – സംസ്ഥാന സെക്രട്ടറി ജയരാജ് പി എന്നിവര്‍ പങ്കെടുത്തു.