മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ മാത്യു കുഴല്നാടന് ഉജ്ജ്വല വിജയം. രണ്ടാമൂഴത്തില്‍ 42,829 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐയിലെ എന്‍ അരുണിനെ മാത്യു പരാജയപ്പെടുത്തിയത്.
മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത 148397 വോട്ടുകളില്‍ (ഇവിഎം – 1,45485, പോസ്റ്റല്‍ – 2,912) സിംഹഭാഗവും മാത്യു തൂത്തുവാരി. 89914 വോട്ടുകള്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. 47085 വോട്ടുകള്‍ എല്‍ഡിഎഫ് നേടി. എല്ലാ റൗണ്ടിലും യുഡിഎഫ് ലീഡ് നേടി. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സണ്ണി തോമസ് 9840 വോട്ടുകള്‍ നേടി. ബാബു മാത്യു (എസ്ഡിപിഐ): 609, നോട്ട: 683 എന്നിങ്ങനെയായിരുന്നു വോട്ടിങ്ങ് നില
വോട്ട് എണ്ണലിന്റെ ആദ്യഘട്ടം മുതല്‍ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും ലീഡ് നിലനിര്‍ത്തിയായിരുന്നു മാത്യുവിന്റെ തേരോട്ടം. ആദ്യ റൗണ്ടില്‍ 1666, രണ്ടാം റൗണ്ടില്‍ 2512, മൂന്നാം റൗണ്ടില്‍ 3311, നാലാം റൗണ്ടില്‍ 2354, അഞ്ചാം റൗണ്ടില്‍ 2600, ആറാം റൗണ്ടില്‍ 2495, ഏഴാം റൗണ്ടില്‍ 2853, എട്ടാം റൗണ്ടില്‍ 3649, ഒന്‍പതാം റൗണ്ടില്‍ 2398, പത്താം റൗണ്ടില്‍ 4125, പതിനൊന്നം റൗണ്ടില്‍ 2900, പന്ത്രാണ്ടം റൗണ്ടില്‍ 3520, പതിമൂന്നാം റൗണ്ടില്‍ 2338, പതിനാലാം റൗണ്ടില്‍ 3328, പതിനഞ്ചാം റൗണ്ടില്‍ 1656 വോട്ടുകളുടെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 1115 വോട്ടുകളുടെ ലീഡും മാത്യു കുഴല്നാടന് നേടി. 2021-ല്‍ കന്നിയങ്കത്തില്‍ 6,161 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാത്യു സിപിഐയിലെ എല്‍ദോ എബ്രഹാമില്‍ നിന്നും മണ്ഡലം പിടിച്ചെടുത്തത്.
അഴിമതി ഭരണത്തിന് അന്ത്യം കുറിച്ചു : മാത്യു കുഴല്നാടന്
മുവാറ്റുപുഴ : 10 വര്‍ഷത്തെ അഴിമതി ഭരണത്തിന് ജനങ്ങള്‍ അന്ത്യം കുറിച്ചതാണ് യുഡിഎഫ് നേടിയ ഉജ്വല വിജയമെന്ന് ഡോ. മാത്യു കുഴല്നാടന്. പി.ആര് വര്‍ക്ക് കൊണ്ട് എക്കാലവും ജനങ്ങളെ പറ്റിക്കാന്‍ സാധിക്കില്ല.
സാധാരണക്കാരില്‍ നിന്നും വ്യതിചലിച്ചു കുത്തകക്കാരുടെ സുഹൃത്തായി പിണറായി വിജയന് സംഭവിച്ച പരിണാമത്തിന് ജനം നല്കിയ മറുപടിയാണ് ഇത്. ഈ ഭരണ കാലത്താണ് പെന്ഷന് കിട്ടാത്തത് മൂലം ഒരാള്‍ ആത്മഹത്യ ചെയ്തത്. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ ജനം വിലയിരുത്തി.
സിപിഎമ്മിലെ പിണറായി വിരുദ്ധ വോട്ടുകള്‍ മുവാറ്റുപുഴയില്‍ ഈ പ്രാവശ്യം യുഡിഎഫിന് ലഭിച്ചെന്നും മാത്യു കുഴല്നാടന് പറഞ്ഞു. എക്കാലത്തെയും വലിയ ഭൂരിപക്ഷം നല്കിയ ജനങ്ങള്‍ക്ക് മാത്യു കുഴല്നാടന് നന്ദി അറിയിച്ചു.


