നെല്സന് പനയ്ക്കല്‍
മൂവാറ്റുപുഴ: ഒഴിഞ്ഞ കുപ്പികള്‍ കണ്ടാല്‍ തൊട്ടടുത്ത സ്ഥലത്തേക്ക് വലിച്ചെറിയുന്നവരാണ് മലയാളികളില്‍ ഭൂരിഭാഗവും. എന്നാല്‍ അത്തരം കുപ്പികളിലെ വരകളിലൂടെ വര്‍ണ്ണവിസ്മയം തീര്‍ക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് വീട്ടൂര്‍ എബനേസര്‍ സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ പൂജ രമേശും പുണ്യ രമേശും മെന്ന ഇരട്ടകുട്ടികള്‍. ചെറുപ്പം മുതല്‍ വരകളെ പ്രണയിച്ചിരുന്ന പൂജയും പുണ്യയും നരവധി ചിത്രങ്ങളാണ് വരച്ചത്.
2020ല്‍ ആദ്യഘട്ട ലോക്ഡൗണ്‍ തുടങ്ങിയതോടെയാണ് ‘ബോട്ടില്‍ ആര്‍ട്ടില്‍’ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. പിന്നീട്, വീണ്ടുമൊരു ലോക്ഡൗണ്‍ കൂടി വന്നതോടെ ഈ മേഖലയിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. സാധാരണ രചനകള്‍ക്കുമപ്പുറം വ്യത്യസ്തമായ രീതിയില്‍ തങ്ങളുടെ സ്വതസിദ്ധമായ കഴിവുകള്‍ പരിഭോഷപ്പെടുത്തി ദൃശ്യചാരുത നല്കുന്ന വരകളാണ് ഇവര്‍ തിരഞ്ഞെടുത്തത്.
പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ഈ മിടുക്കികള്‍. തങ്ങളുടെ രചനാവൈഭവം കൂടുതല്‍ പരുവപ്പെടുത്തി ‘ബോട്ടില്‍ ആര്‍ട്ട്’ എന്ന ചുവടുവയ്പ്പിലേക്ക് നീങ്ങിയതോടെ മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, അബ്ദുല്‍ കലാം ആസാദ്, മദര്‍ തെരാസെ, മുഖ്യമന്ത്രി പിണറായി വിജയന്, മാത്യു കുഴലനാടന്‍ എം.എല്‍.എ, മുളവൂര്‍ അറേക്കാട് ദേവീക്ഷേത്രം അടയ്ക്കമുള്ള ചിത്രങ്ങളാണ് ഇവരുടെ കലവിരുതില്‍ വിരിഞ്ഞത്.
ബോട്ടില്‍ ആര്ട്ടിന് പുറമേ നൃത്തവും ഫാഷന്‍ രംഗത്തെ വ്യത്യസ്തതകള്‍ പങ്കുവയ്ക്കാനും സ്വന്തമായി യൂടൂബ് ചാനലും ഇവര്‍ക്കുണ്ട്. വരകളോട് അടങ്ങാത്ത കമ്പമുള്ള പുണ്യയും പൂജയും ക്ലാസിക്കല്‍ നൃത്തത്തിലും തന്റെതായ മികവ് കാഴ്ചവയ്ക്കാന്‍ ഈ മിടുക്കികള്‍ സമയം കണ്ടെത്താറുണ്ട്. സ്റ്റേജ് പ്രോഗ്രാമുകളിലും വിവിധ പരിപാടികളിലും പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കാര്‍പ്പെന്റര്‍ തൊഴിലാളിയായ മുളവൂര്‍ ഒലിയപ്പുറത്ത് രമേശിന്റെയും രാധികയുടെയും മകളാണ്. സഹോദരി ഇരട്ടകളായ ശ്രേയ, ശേത നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ്.


