കോടഞ്ചേരിയിലെ മിശ്രവിവാഹ വിവാദത്തില്‍ ജോര്‍ജ് എം തോമസിനെതിരായ സിപിഐഎം നടപടി ഇന്ന്. ഉച്ചയ്ക്ക് ശേഷം ചേരുന്ന കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മിറ്റിയും നടപടി ചര്‍ച്ച ചെയ്യും.
സംസ്ഥാന സമിതിയുടെ നിര്‍ദേശ പ്രകാരമാണ് ജോര്‍ജ് എം തോമസിനെതിരെ ഉള്ള നടപടി ചര്‍ച്ച ചെയ്യാന്‍ ജില്ലാ നേതൃയോഗങ്ങള്‍ ചേരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ നടപടി തീരുമാനിക്കും. ശേഷം ജില്ലാ കമ്മിറ്റി ചേരും. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടിപി രാമകൃഷ്ണനും യോഗങ്ങളില്‍ പങ്കെടുക്കും.
കോടഞ്ചേരിയിലെ മിശ്ര വിവാഹത്തില്‍ തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം. തോമസിന്റെ ലൗ ജിഹാദ് പരാമര്‍ശം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഐഎം നടപടിക്കൊരുങ്ങുന്നത്.
ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയും, പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷിജിന്റെ പ്രണയ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ ജോര്‍ജ് എംതോമസിന്റെ പരാമര്‍ശം. ഷെജിന്റെയും ജോസനയുടെയും വിവാഹം സമുദായ സ്പര്‍ധ ഉണ്ടാകുമെന്ന ജോര്‍ജ് എം തോമസിന്റെ പ്രസ്താവന പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്. ശാസന അടക്കമുള്ള നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.


