തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ ഇഡി അന്വേഷണത്തിൽ വീണയുടെ തുടർ ചോദ്യം ചെയ്യലിൽ പ്രതിസന്ധി. എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖകൾ ഇനിയും ഇഡിക്ക് ലഭിച്ചിട്ടില്ല.134 രേഖകളാണ് എസ്എഫ്ഐഒയിൽ നിന്ന് ലഭിക്കേണ്ടത്. രേഖകൾ ലഭിച്ചശേഷം മാത്രമേ വീണയെ വീണ്ടും വിളിപ്പിക്കുന്നതിൽ തീരുമാനമെടുക്കുകയുള്ളൂ.
എസ്എഫ്ഐഒയുടെ മെല്ലപ്പോക്കാണ് നിലവിൽ ഇഡിക്ക് തടസമായിരിക്കുന്നത്. ഈ രേഖകൾ ലഭിച്ചെങ്കിൽ മാത്രമേ തുടർനടപടികളിലേക്ക് കടക്കൂ. വേഗത്തിൽ അന്വഷണം നടക്കാൻ ശ്രമിക്കുന്ന ഇഡിക്ക് മുമ്പിലാണ് നിലവിൽ ഈ പ്രതിസന്ധി. പത്ത് ദിവസത്തിനകം ഈ രേഖകൾ സമർപ്പിക്കണമായിരുന്നു. അവസാന തീയതി വ്യാഴാഴ്ചയായിരുന്നു നൽകിയിരുന്നത്. എന്നാൽ വീണ്ടും തീയതി നീട്ടിനൽകുകയായിരുന്നു. നിലവിൽ എപ്പോൾ സമർപ്പിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.


